വി എസ് അനു
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ കുട്ടിയുടെയുള്ളിൽ നൂൽ കുടുങ്ങിയതായി ബന്ധുക്കളുടെ ആരോപണം. ഒരുവർഷത്തിനുള്ളിൽ വീണ്ടും ശസ്ത്രക്രിയനായ കുട്ടിയുടെ മുറിവ് ഉണങ്ങാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അനാസ്ഥ വെളിവായത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് 2017 ഏപ്രിൽ 25നാണ് കാഞ്ഞിരംകുളം സ്വദേശി അജികുമാറിന്റെ മകൻ അജിത്തിന്റെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയത്. എന്നാൽ ഒരു വർഷമായിട്ടും മുറിവ് ഉണങ്ങാത്തതോടെ കുട്ടിയെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 2018 ഓഗസ്റ്റ് 14ന് ഡോക്ടർമാർ വീണ്ടും അജിത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇത് കഴിഞ്ഞിട്ടും മുറിവുണങ്ങിയില്ല.
രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ഒൻപത് മാസമായിട്ടും മുറിവ് ഉണങ്ങാതായതോടെയാണ് കഴിഞ്ഞ മാസം കുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുത്തതോടെ ഒരു മാസത്തിനുള്ളിൽ കുട്ടിയുടെ മുറിവ് ഉണങ്ങി. എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന അജിത്തിന്റെ രണ്ട് വർഷത്തെ പഠനമാണ് ഡോക്ടർമാരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ടത്. കൂലിപ്പണിക്കാരനായ അജി കുമാർ വീടും സ്ഥലവും പണയപ്പെടുത്തിയാണ് മകന്റെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thiruvananthapuram medical college, Trivandrum medical college, തിരുവനന്തപുരം മെഡിക്കൽ കോളേജ്