തൃശൂർ: ചിൽഡ്രൻസ് ഹോമിലേക്ക് മടങ്ങുംവഴി രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴി വെറും തോന്നൽമാത്രമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തൃശൂർ ചിൽഡ്രൻസ് ഹോമിലേക്ക് പോകുന്നതിനിടെ ജൂൺ 19ന് രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പതിനേഴുകാരിയുടെ മൊഴി. എന്നാൽ ആരോപണം മാനസിക പ്രശ്നങ്ങളുള്ള പെൺകുട്ടിയുടെ വെറും തോന്നൽ മാത്രമാണെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച സംഘത്തിന്റെ കണ്ടെത്തൽ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകളൊന്നും മെഡിക്കൽ പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ചെറുപ്രായത്തിൽ കുട്ടിനേരിട്ട പീഡനങ്ങളുടെ അനന്തരഫലമാകാം ഈ തോന്നലുകളെന്നാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയിലെ വിദഗ്ധർ പറയുന്നത്. കുട്ടിക്ക് 12-13 വയസുള്ളപ്പോൾ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഇപ്പോൾ ജയിലിലാണ്. വർഷങ്ങളായി അച്ഛനും കുടുംബത്തെ ഉപേക്ഷിച്ച മട്ടാണ്.
രാമവർമപുരത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെ രണ്ടുപേർ പീഡിപ്പിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഗുരുവായൂരിൽ നിന്ന് ബൈക്കിൽ രണ്ടുപേർ ലിഫ്റ്റ് നൽകിയെന്നും കുന്നംകുളത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴിയിൽ പറയുന്നത്. ഇതേതുടർന്നു പൊലീസ് പ്രത്യേക സ്ക്വാഡിന് രൂപം നൽകി അന്വേഷണം തുടങ്ങി. ഈ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല. സംശയിക്കുന്നവരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ പെൺകുട്ടിക്കായില്ല.
TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]
പിന്നീട് പെൺകുട്ടി മൊഴി തിരുത്തി. ഒരാൾ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും അത് ഗുരുവായൂരിൽ വെച്ചായിരുന്നുവെന്നും പറഞ്ഞു. എന്നാൽ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും താൻ കഥ മെനയുകയായിരുന്നുവെന്നും പെൺകുട്ടി പിന്നീട് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്നതാണ് മെഡിക്കൽ പരിശോധനാഫലവും.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. സ്കീസോഫ്രീനിയയോ സമാനമായ മറ്റ് ആരോഗ്യ അവസ്ഥയോ ആണ് കുട്ടിക്കുള്ളതെന്നാണ് ആരോഗ്യ വിദഗ്ധരുടെ സംശയം.
നേരത്തെ സർക്കാർ, സ്വകാര്യ മേഖലകളിലുള്ള കേന്ദ്രങ്ങളിൽ കുട്ടിയെ പാർപ്പിച്ചിരുന്നു. നാലോ അഞ്ചോ മാസം മുൻപാണ് പെൺകുട്ടിയെ രാമവർമപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മൂന്നുമാസത്തിന് ശേഷം ചാവക്കാടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് പോയി. മാനസിക ആരോഗ്യം വീണ്ടെടുത്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീണ്ടും ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയങ്കിലും അവിടെ തുടർന്നില്ല.
സെപ്തംബറിൽ കുട്ടിക്ക് 18 തികയും. അതുകഴിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള സംരക്ഷണം പെൺകുട്ടിക്ക് ലഭിക്കുകയില്ല. ഇതും ആശങ്കയുളവാക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ''18 വയസുകഴിഞ്ഞാൽ കുട്ടി എങ്ങോട്ടുപോകുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ചിലപ്പോൾ കുട്ടി സാധാരണപോലെ പെരുമാറും. മറ്റുചിലപ്പോൾ അസാധാരണമാംവിധവും പെരുമാറുന്നു. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ അവളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നില്ലെങ്കിൽ കുട്ടിയുടെ കാര്യം കഷ്ടത്തിലാകും''- സിഡബ്ല്യുസി ചെയർമാൻ ഡോ. വിശ്വനാഥൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minor rape case, Thrissur