• HOME
 • »
 • NEWS
 • »
 • kerala
 • »
 • സിപിഎം നേതാവായിരുന്ന ആഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു

സിപിഎം നേതാവായിരുന്ന ആഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു

കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം.

മീനാക്ഷി ടീച്ചർ

മീനാക്ഷി ടീച്ചർ

 • Share this:
  കണ്ണൂർ: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ  കെ മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവൻ നാടിന്‌ വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ്‌ ജനിച്ചത്‌.

  1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള  വിവാഹം. 1972 സെപ്ബതംബർ 23നാണ്‌ ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

  തീക്ഷ്ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ  പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു.  അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു.  അഞ്ച് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ടീച്ചർ തനിച്ച്‌ ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്‌. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌.

  മക്കൾ: ശോഭ, സുധ (റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്‌), ജ്യോതി ( ഗൾഫ് ), സാനു (ദേശാഭിമാനി,  കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ) , ആലീസ്‌ (ഗൾഫ്‌) ,എം രഞ്‌ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ (മനുഷ്യാവകാശ കമ്മീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.

  Also Read- സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു  വിപ്ലകാരികള്‍ക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചര്‍: മുഖ്യമന്ത്രി

  പുതിയ പല തലമുറകളിലെ വിപ്ലകാരികള്‍ക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേത്.

  നിഷ്ഠുരമായി വധിക്കപ്പെട്ട സഖാവ് അഴീക്കോടന്‍ രാഘവന്‍റെ ജീവിത സഖിയായിരുന്നുകൊണ്ട് അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ആ രക്തസാക്ഷി സ്മരണയില്‍ പൂര്‍ണമായും സ്വയം അര്‍പ്പിച്ച് സി.പി.ഐ.എമ്മിന്‍റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജിവിതത്തിന്‍റെ രണ്ടാം ഘട്ടം. ഈ ഘട്ടങ്ങളില്‍ ഉടനീളം ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയുടെ എല്ലാ പോരാട്ടങ്ങള്‍ക്കുമൊപ്പം അവര്‍ നിലകൊണ്ടു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ മാര്‍ഗ നിര്‍ദ്ദേശകമാംവിധം ഇടപെട്ടു.

  സാധാരണ ആരും അന്ധാളിച്ചു നിന്നുപോകുന്ന ഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് ധീരത മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കണം എന്നതിന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയാണ് മീനാക്ഷി ടീച്ചര്‍ ചെയ്തത്. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ എല്ലാ കാലത്തേക്കുമുള്ള വലിയ പാഠമാണ്.

  വ്യക്തിപരമായി ടീച്ചറുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് കനത്ത നഷ്ടമാണ്. രാഷ്ട്രീയമായും അത് അപരിഹാര്യമായ നഷ്ടമാണ്. മുതിര്‍ന്ന ഒരു കുടുംബാംഗം വിട്ടുപോയതിന്‍റെ ദുഃഖമാണ് അനുഭവിക്കുന്നത്. സി.പി.ഐ.എമ്മിലെ മിക്കവാറും എല്ലാവര്‍ക്കും തന്നെ സമാനമായ നിലയിലുള്ള ദുഃഖമായിരിക്കും ഉണ്ടാവുക.

  പ്രചോദനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ നിറഞ്ഞതായിരുന്നു മീനാക്ഷി ടീച്ചറുടെ ജീവിതം. അത് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉള്‍ക്കൊള്ളുക എന്നതാണ് അവര്‍ക്കു നല്‍കാവുന്ന വലിയ ആദരാജ്ഞലി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
  Published by:Rajesh V
  First published: