തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിൽ യുവ ഡോക്ടർക്കെ നേരെ അതിക്രമ ശ്രമം. തിരുവനന്തപുരം മെഡിക്കൽ കോളേജ് അച്യുതമേനോൻ സെന്ററിലെ പി ജി വിദ്യാർഥിനിയാണ് തനിക്ക് ക്യാംപസിനുള്ളിൽ നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്. നിർഭയ കേസിൽ പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതിൽ കേരളത്തിലുള്ളവർ സന്തുഷ്ടരാണ്. എല്ലാ സ്ത്രീകളെയും സംരക്ഷിക്കുമെന്ന് പറയുമ്പോൾ ഇതാണ് അവസ്ഥ എന്നു പറഞ്ഞുകൊണ്ട് ആണ് ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ മെഡിക്കൽ കോളേജിലെ പുതിയ ഒപി കെട്ടിട്ടത്തിന് മുന്നിലാണ് ഡോക്ടർക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന യുവതിയോട് എതിർദിശയിൽ വന്ന യുവാക്കാളുടെ സംഘം മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് യുവതി പറയുന്നത്. 18 നും 23 നും ഇടയിൽ പ്രായമുള്ള യുവാക്കളായിരുന്നു സംഘത്തിൽ. പ്രശ്നങ്ങള്‍ നടക്കുമ്പോൾ സമീപത്ത് കാഴ്ചക്കാരായി നിരവധി പേരുണ്ടായിരുന്നെങ്കിലും യുവാക്കളെ ഭയന്ന് ആരും പ്രതികരിച്ചില്ല എന്നും കുറിപ്പിൽ പറയുന്നു.
യുവതി മുന്നോട്ട് നടക്കുന്നതിനിടെ യുവാക്കളുടെ സംഘം ഇവരെ പിന്തുടരാൻ തുടങ്ങി. ആക്രമണം പേടിച്ച് കെഎസ്ആർടിസി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം പൊലീസിന്റെ 112 എന്ന കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു. കുറച്ച് സമയം കഴിഞ്ഞ് തിരികെ വിളിച്ച പൊലീസുകാർ ആരെയും കണ്ടെത്താനായില്ലെന്നാണ് അറിയിച്ചത്. സംഘത്തിലെ ചിലർ ഓട്ടോ ഡ്രൈവര്‍മാരുടെ വേഷത്തിലായിരുന്നുവെന്നും പെരുമാറ്റത്തിൽ ലഹരി ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിൽ സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും ശല്യം രൂക്ഷമായിട്ടും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.