• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും

Kerala Rains | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും

മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

  • Share this:
    തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ (heavy rainfall) ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

    മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി കാറ്റ് മഴയ്ക്ക് അനുകൂലമാകും. നാളെയും മാറ്റന്നാളും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതല്‍ മഴ. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

    ജാഗ്രതാ നിര്‍ദേശങ്ങള്‍

    ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക

    വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

    കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

    ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

    വൈദ്യുതി ഉപകരണങ്ങള്‍ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.

    ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

    Also read: Maharajas College | കറണ്ടില്ല; മഹാരാജാസ് കോളേജിൽ 'മൊബൈൽ ഫ്ലാഷിൽ' പരീക്ഷ എഴുതി വിദ്യാർത്ഥികൾ

    പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

    ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

    കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Sarath Mohanan
    First published: