• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മീ ടൂ'വിൽ കുടുങ്ങി നടൻ അലെൻസിയറും; നാലാമത്തെ ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി

'മീ ടൂ'വിൽ കുടുങ്ങി നടൻ അലെൻസിയറും; നാലാമത്തെ ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി

alencier

alencier

 • Last Updated :
 • Share this:
  മലയാള സിനിമാ രംഗത്തും തുറന്നുപറച്ചിലുകളുടെ 'മീ ടൂ' ക്യാംപയിൻ പ്രചരിക്കുകയാണ്. ഓരോ ദിവസവും കൂടുതൽ തുറന്നുപറച്ചിലുകളുമായി നടികളും സിനിമാ പ്രവർത്തകരും രംഗത്തെത്തുകയാണ്. ഏറ്റവും ഒടുവിലായി നടൻ അലെൻസിയറിനെതിരെയാണ് ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത നടിയുടെ തുറന്നുപറച്ചിൽ പ്രമുഖ ട്വിറ്റർ ഹാൻഡിലായ 'ഇന്ത്യ പ്രൊട്ടസ്റ്റ്സ്' ആണ് പുറത്തുകൊണ്ടുവന്നത്. പ്രമുഖർ തങ്ങൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന വേദിയായ ട്വിറ്റർ ഹാൻഡിലാണ് ഇന്ത്യ പ്രൊട്ടസ്റ്റ്സ്.

  തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീൽഡിൽ നിലനിൽക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറയുന്നു.നാലാമത്തെ സിനിമക്കിടെ അലെൻസിയറിൽ നിന്നുണ്ടായ ദുരനുഭവങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലെൻസിയറിനൊപ്പമുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്നും നടി വിശദീകരിക്കുന്നു.

  നടിയുടെ വെളിപ്പെടുത്തലിന്റെ പൂർണ രൂപം-

  ഞാൻ ഒരു അഭിനേത്രിയാണ്. അതും ഒരു തുടക്കക്കാരി. അവിവാഹിതയും. ഈ ഫീൽഡിൽ സ്വത്വം തെളിയിക്കാൻ കഷ്ടപ്പെടുന്ന ഒരു സ്ത്രീയും. അജ്ഞാതയായി
  തുടരാനുള്ള കാരണം അതുതന്നെയാണ്.

  എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയറുമൊത്തുള്ള ആദ്യത്തേതും. അത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന സിനിമയാണെന്നും ഉറപ്പുണ്ട്.

  വ്യക്തിപരമായി അടുത്തറിയുന്നതുവരെ ഈ കലാകാരനെ ഏറെ ബഹുമാനിച്ചിരുന്നു. ചുറ്റുമുള്ള സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ
  പുരോഗമനമായ നിലപാടുകളും ലിബറൽ സമീപനവും‌ തന്റെ വികലമായ വ്യക്തിത്വം മറച്ചുവെക്കാൻ വേണ്ടി മാത്രമാണ്.

  ആദ്യ സംഭവം ഉച്ചഭക്ഷണത്തിനിടെയായിരുന്നു. ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു. ഒരു സഹനടിയും ഒപ്പമുണ്ടായിരുന്നു. തന്നെക്കാൾ വലിയൊരു നടൻ
  ചുറ്റുമുള്ള സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിവരിച്ചുകൊണ്ട് അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഇടംകണ്ണിട്ട് നോക്കി. ഞാൻ അസ്വസ്ഥയായി. എന്നാൽ കൂടുതൽ സോഷ്യലായി ഇടപെടണമെന്നും കാര്യങ്ങൾ കൂടുതൽ ലളിതമായി കാണണമെന്നും എന്നെ ഉപദേശിച്ചു. ഞാൻ അതിനോട് പ്രതികരിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് ഞാൻ സുരക്ഷിതയല്ലെന്ന തോന്നൽ അത് എന്നിലുളവാക്കി.

  അടുത്ത സംഭവം ഞെട്ടിക്കുന്നതായിരുന്നു. ഒരു സഹനടിക്കൊപ്പം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെ
  അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം എന്നെ ഉപദേശിച്ചു. വളരെ ചെറിയ നാടക പശ്ചാത്തലമേ എനിക്കുള്ളൂവെന്നതിന്റെ പേരുപറഞ്ഞ് എന്നെ അപമാനിച്ചു. അദ്ദേഹത്തെ മുറിയിൽ നിന്ന് പുറത്താക്കണമെന്ന് ആ സമയം എൻറെ ഉള്ളം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ഒരു സഹനടിയുടെ സാന്നിധ്യവുമൊക്കെ കണക്കിലെടുത്ത് മിണ്ടാതെ സഹിച്ചു.

  മൂന്നാമത്തെ സംഭവം- ഒരിക്കൽ ആർത്തവസമയത്ത് ഞാൻ ഏറെ ക്ഷീണിതയായിരുന്നു, സംവിധായകന്റെ സമ്മതത്തോടെ ബ്രേക്കെടുത്ത് എന്റെ മുറിയിൽ
  വിശ്രമിക്കുകയായിരുന്നു. ഈ സമയം വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയറാണെന്ന് മനസിലായി. ആകെ
  ടെൻഷനടിച്ച ഞാൻ ഈ സമയം ഡയറക്ടറെ വിളിച്ച് സഹായം തേടി. സഹായത്തിനായി ആരെയെങ്കിലും ഉടൻ അയക്കാമെന്ന് ഡയറക്ടർ പറഞ്ഞു. അലൻസിയർ ആവർത്തിച്ച് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. ഒടുവിൽ ഞാൻ വാതിൽ തുറന്നു. മുറിക്ക് പുറത്തേക്ക് ചാടാമെന്ന് കരുതി തന്നെയാണ് വാതിൽ
  തുറന്നത്.

  ഈ സമയത്തും ഡയറക്ടറെ വിളിച്ച കോൾ ഞാൻ കട്ട് ചെയ്തിരുന്നില്ല. സംഭാഷണങ്ങൾ അദ്ദേഹം കൂടി കേൾക്കട്ടെ എന്നു കരുതി തന്നെയായിരുന്നു ഇത്. എന്നാൽ ഞാൻ വാതിൽ തുറന്നപ്പോൾ അദ്ദേഹം മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ നിന്നു. അദ്ദേഹം എന്റെ കിടക്കയിൽ ഇരുന്നു. നാടക കലാകാരന്മാർ എത്രമാത്രം ശക്തരായിരിക്കുമെന്നുള്ള തന്റെ സിദ്ധാന്തങ്ങൾ അദ്ദേഹം ആവർത്തിച്ചു. പിന്നെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. പുറത്തുപോകണമെന്ന് ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴേക്കും ഡോർ ബെൽ മുഴങ്ങി.

  ഈ സമയം ഞെട്ടിയത് അദ്ദേഹമായിരുന്നു. ഞാൻ വാതിൽ തുറന്നു. വാതിൽക്കൽ അസിസ്റ്റന്റ് ഡയറക്ടറെ കണ്ടപ്പോൾ വളരെ ആശ്വാസം തോന്നി. അടുത്ത
  ഷോട്ടിൽ അലെൻസിയർ ഉണ്ടെന്ന് അസി. ഡയറക്ടർ പറഞ്ഞു. നേരത്തെ അറിയിച്ചിട്ടില്ലല്ലോ എന്ന് അലെൻസിയറും പറഞ്ഞു, എന്നാൽ ഷൂട്ടിംഗ് സംഘം ഒന്നടങ്കം
  അലെൻസിയറെ കാത്ത് നിൽക്കുകയാണെന്ന് വിശ്വസിപ്പിക്കാൻ അസിസ്റ്റന്റ് ഡയറക്ടർക്ക് കഴിഞ്ഞു. അതോടെ അദ്ദേഹം മുറിവിട്ടുപോയി.

  നാലാമത്തെ സംഭവം- എന്റെയും അദ്ദേഹത്തിന്റെയും ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോൾ ഞാൻ അവിടെയെത്തി. തീൻമേശക്ക്
  മുന്നിൽ അദ്ദേഹത്തെ കണ്ടു. അദ്ദേഹം മീൻകറി ഓർഡർ ചെയ്തു. ഓരോ തവണയും മീൻ കഷ്ണത്തെ തൊടുമ്പോഴും സ്ത്രീ ശരീരവുമായി അതിനെ താരതമ്യം
  ചെയ്യുകയായിരുന്നു. ഓരോ ഭാഗമായി പിച്ചെടുത്ത് വിരലുകൾ നക്കി അത് അകത്താക്കി. എന്നെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. ഇതിനെ തുടർന്നു ഞാനും സുഹൃത്തും കൂടി അവിടെ നിന്ന് മടങ്ങി. അതേ ദിവസം, ഷൂട്ട് നടന്നുകൊണ്ടിരിക്കെ, അദ്ദേഹം എന്നെയും അവിടെയുണ്ടായിരുന്ന മറ്റുചില പെൺകുട്ടികളുമൊക്കെ തുറിച്ചുനോക്കുകയായിരുന്നു. മുഖാമുഖം കാണുമ്പോഴൊക്കെ നാക്കുപയോഗിച്ച് ലൈംഗിക ചേഷ്ടകൾ കാട്ടി.

  വൈകുന്നേരം, ഒരു പാർട്ടി ഉണ്ടായിരുന്നു, അവിടെ വച്ച് അയാൾ ഒരു സ്ത്രീയുടെ അടുത്തെത്തുകയും അവരുടെ ശരീരത്തെയും ലൈംഗികതയും കുറിച്ച്
  വർണിക്കുകയും ചെയ്തു. എന്റെ അടുത്തെത്താൻ ശ്രമിക്കുമ്പോഴൊക്കെ അത് ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ സമീപനത്തെ
  എതിർത്ത ആ സ്ത്രീയെ അപമാനിക്കുന്നതും ഞാൻ കാണ്ടു.

  വീണ്ടും മറ്റൊരു ദിവസം, രാത്രി ഷിഫ്റ്റിന്ശേഷം ഞാൻ ഉറങ്ങുകയായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തായ റൂംമേറ്റും ഒപ്പമുണ്ടായിരുന്നു. ഈ സമയം
  ഡോർബെൽ മുഴങ്ങി. അവൾ എഴുന്നേറ്റു വാതിൽ തുറക്കാൻ പോയി. അത് അലൻസിയർ ആയിരുന്നു. കുറച്ചുനേരം അവളുമായി സംസാരിച്ചശേഷം അദ്ദേഹം പോയി. ഉറക്കം പോയെന്നും കുളിച്ച് ഫ്രഷാകാനായി പോവുകയാണെന്നും അവൾ ബാത്ത് റൂമിലേക്ക് കയറി. ഈ സമയം വാതിൽ ലോക്ക് ചെയ്യാൻ അവൾ മറന്നുപോയിരുന്നു.

  ഈ തക്കം നോക്കി പതുങ്ങി പതുങ്ങി അലെൻസിയർ അകത്ത് വന്നു. ഞാൻ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു. അപരിചിതന്റെ
  സാന്നിധ്യം അനുഭവപ്പെട്ടതോടെ ഞാൻ ഞെട്ടിയേഴുന്നേറ്റു. എന്റെ ശരീരത്തിനൊപ്പം ചേർന്നുകിടക്കുകയായിരുന്നു അയാൾ. 'ഉറങ്ങുകയാണോ?' എന്നായിരുന്നു അലൻസിയർ ചോദിച്ചത്. ഞാൻ ചാടിയെഴുന്നേറ്റു. കുറച്ചുനേരം കൂടി കിടക്കാൻ പറഞ്ഞുകൊണ്ടു അദ്ദേഹം എന്റെ കൈയിൽ പിടിച്ചുവലിച്ചു. ഈ സമയം സർവശക്തിയുമെടുത്ത് ഞാൻ അലറി. ബാത്ത് റൂമിൽ ആയിരുന്ന റൂംമേറ്റ് എന്റെ അലർച്ച് കേട്ട്, പുറത്ത് എന്താണ് നടക്കുന്നതെന്ന് വിളിച്ചുചോദിച്ചു. തമാശ കാണിച്ചതെന്ന് പറഞ്ഞ് അവളെത്തും മുൻപേ അദ്ദേഹം മുറിവിട്ടുപോയി.

  എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ അയാളുടെ സുഹൃത്ത് കൂടിയായ റൂംമേറ്റ് ഞെട്ടിപ്പോയി. അവൾ അയാളെ വിളിച്ചെങ്കിലും അദ്ദേഹം മുങ്ങുകയായിരുന്നു.
  സംവിധായകനോട് വീണ്ടും ഞങ്ങൾ ഇക്കാര്യം പറഞ്ഞു. സംവിധായികൻ അലൻസിയറോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. സംവിധായകന്റെയും ആദ്യചിത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇത് അപമാനമായി അലൻസിയറിന് തോന്നി. തീരെ പ്രൊഫഷണൽ അല്ലാതെയായിരുന്നു അദ്ദേഹം പിന്നീട് പെരുമാറിയത്. ഷോട്ടുകളുടെ പേരിൽ അനാവശ്യമായി വഴക്കിട്ടു. സെറ്റിലേക്ക് മദ്യപിച്ചുവന്നു. സഹതാരങ്ങളെ അപമാനിച്ചു.

  ഞാൻ ഇത് എഴുതുന്ന സമയത്ത്, അതേ ചിത്രത്തിലും മറ്റ് ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചവർക്ക് യഥാർത്ഥ അലൻസിയറെ കുറിച്ച് കൂടുതൽ പറയാനുണ്ടാകുമെന്ന് എനിക്കറിയാം. ഇതെല്ലാം എഴുതുന്നതിന് ഒരുപാട് സമയമെടുത്തു. സമാനമായതോ അല്ലെങ്കിൽ മോശമായതോ ആയ അനുഭവങ്ങളുണ്ടായവർക്ക് അക്കാര്യം തുറന്നെഴുതാൻ സ്വന്തം സമയം എടുക്കും.

  നടിയുടെ വെളിപ്പെടുത്തൽ പ്രത്യക്ഷപ്പെട്ട ട്വിറ്റർ ഹാൻഡിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  ആരോപണങ്ങളുമായി ബന്ധപ്പെട്ട് അലൻസിയറിന്റെ പ്രതികരണത്തിനായി ന്യൂസ് 18 മലയാളം ശ്രമിച്ചെങ്കിലും ലഭ്യമായില്ല.  First published: