പത്തനംതിട്ട: മെട്രോമാൻ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി. ജെ. പി. അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. തിരുവല്ലയില്‍ വിജയ യാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് ബി ജെ പി അധ്യക്ഷൻ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഇ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും, വികസനത്തിനു വേണ്ടിയാണ് ബി ജെ പി ഇ ശ്രീധരനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നത്. വീടിനടുത്തെ മണ്ഡലമായ പൊന്നാനിയില്‍ മത്സരിക്കാനാണ് താല്പര്യമെന്ന് ഇ. ശ്രീധരന് വ്യക്തമാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ഇ. ശ്രീധരനെ മത്സരിപ്പിക്കാനായിരുന്നു ബി. ജെ. പി നേതൃത്വത്തിന് താല്പര്യം.
കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന് മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും. ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന് പറഞ്ഞു. ഇതിനു പിന്നാലെയാണ് ബിജെപി ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അടുത്ത ദിവസം മറ്റു സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
ഡി. എം. ആര്. സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരനായിരിക്കും ബി.ജെ.പിയെ നയിക്കുകയെന്നാണ് നേതൃത്വം ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇ. ശ്രീധരന് മത്സരിക്കാന്‍ സന്നദ്ധനായതോടെയാണ് തീരുമാനം മാറ്റിയത്.
Also Read-
മെട്രോമാൻ അകത്ത്; ശോഭ സുരേന്ദ്രൻ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശ്രീധരൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾക്ക് ഇവിടെ പലതും ചെയ്യാൻ കഴിയില്ല എന്നതാണ് ബിജെപിയിൽ ചേരാനുള്ള പ്രധാന കാരണം. കേരളത്തിനായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം, ” 88കാരൻ പറയുന്നു.
എന്തിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ശ്രദ്ധിക്കുന്നതെന്നും ഗവർണറുടെ സ്ഥാനത്തല്ലെന്നും ചോദിച്ചപ്പോൾ ശ്രീധരൻ പറഞ്ഞത് രാജ്ഭവനിൽ നിന്ന് സംസ്ഥാനത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗവർണറുടെ ഭരണഘടനാ സ്ഥാനത്തിന് യാതൊരു അധികാരവുമില്ല" അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ മുഖം മാറ്റുന്നതിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾക്ക് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അംഗീകാരം ലഭിച്ച ടെക്നോക്രാറ്റാണ് ശ്രീധരൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.