കോട്ടയം: എംജി സർവകലാശാലയിലെ (MG university) കോഴവിവാദത്തിൽ സിൻഡിക്കേറ്റ് യോഗം വിശദമായ ചർച്ച ആണ് നടത്തിയത്. ഇതിന് പിന്നാലെയാണ് സമഗ്രമായ അന്വേഷണം നടത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം എടുത്തത്. സിൻഡിക്കേറ്റ് അംഗം പി ഹരികൃഷ്ണൻ, ഡോ ജോസ് എ, ഡോ ബി കേരളവർമ,ഡോ എസ് ശാജില ബീവി എന്നിവർ അംഗമായ സമിതിയാണ് വിശദമായി പരിശോധിക്കുക. ഏഴുദിവസത്തിനകം ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും സിൻഡിക്കേറ്റ് യോഗം നിർദ്ദേശം നൽകി. അന്വേഷണത്തിന്റെ ഭാഗമായി എം ബി എ സെക്ഷനിലെ അസിസ്റ്റന്റ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ എന്നിവരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇത് അച്ചടക്കനടപടി അല്ല എന്നാണ് സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസ് വിശദീകരിക്കുന്നത്. അവരെ നിലനിർത്തിക്കൊണ്ട് ആ വകുപ്പിൽ ഒരു അന്വേഷണം ഗുണമല്ല എന്ന് സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.
കോഴ വിവാദത്തിൽ അറസ്റ്റിലായ സി ജെ എൽസിയുടെ നിയമനത്തിൽ ക്രമക്കേട് സംഭവിച്ചിട്ടില്ല എന്നും സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസ് പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പത്താം ക്ലാസ് തോറ്റ സമയത്ത് പ്യൂൺ തസ്തികയിൽ ആണ് നിയമനം നടന്നത്. ഇതിനുശേഷം പ്രൈവറ്റായി പഠിച്ച് ബിരുദം സമ്പാദിക്കുകയാണ് ചെയ്തത്. ബിരുദമുള്ളവർക്ക് ഉന്നത തസ്തികകളിൽ പ്രമോഷൻ നൽകാം എന്ന സെക്രട്ടറിയേറ്റ് നിയമന രീതിയാണ് സർവകലാശാലയും നടപ്പാക്കിയത്. കൃത്യമായ എഴുത്തു പരീക്ഷയും അഭിമുഖവും ഉൾപ്പെടെ നടത്തിയാണ് അന്ന് നിയമനം നടത്തിയത് എന്നും സർവകലാശാല വിശദീകരിച്ചു. 2% എന്നുള്ളത് 4% ആക്കിയത് സെക്രട്ടറിയേറ്റിലെ നിയമനത്തിൽ വന്ന മാറ്റം കൊണ്ടാണ് എന്നും സർവകലാശാല വിശദീകരിക്കുന്നു.
കോഴ വിവാദത്തിൽ സമഗ്രാന്വേഷണം നടത്തി ആവശ്യമായ പരിഷ്കാരങ്ങൾ സർവകലാശാലയിൽ വരുത്താനാണ് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. ഫ്രണ്ട് ഓഫീസ് ശക്തിപ്പെടുത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകും. ഫ്രണ്ട് ഓഫീസിൽ സമീപിച്ചാൽ മുഴുവൻ കാര്യങ്ങളും നടത്തി എടുക്കാവുന്ന രീതിയിൽ ആകും ഇനി ഉണ്ടാക്കുക. പൂർണതോതിൽ ഇത് സജ്ജമാകുന്നതോടെ വിദ്യാർഥികൾക്ക് മറ്റു സെഷനുകളിലേക്ക് പോകേണ്ട കാര്യം വരില്ല. ഇതോടെ അഴിമതി തുടച്ചുനീക്കാൻ ആകുമെന്നും സർവകലാശാല വിശദീകരിക്കുന്നു. വിദ്യാർഥികൾക്ക് ഫോൺ വഴിയും സേവനം ലഭ്യമാകും. ഈ ഫോൺ കോളുകൾ പൂർണമായും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന നിലയാകും ഉണ്ടാക്കുക എന്നും സർവകലാശാല വിശദീകരിച്ചു.
എംജി സർവകലാശാലയുടെ കോഴവിവാദം ഒറ്റപ്പെട്ട സംഭവമാണെന്നു സർവകലാശാല സിൻഡിക്കേറ്റ് യോഗം വിലയിരുത്തി. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും നിലപാട് വ്യക്തമാക്കി. എൻസിയുടെ നിയമനത്തിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നും സർവ്വകലാശാലയിലെ ഇടതു ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ നിലപാട് പറഞ്ഞു. ഏറെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ ആണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മാർക്ക് ദാന വിവാദത്തിലും എംജി സർവകലാശാല ഏറെ പ്രതിസന്ധിയിലായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.