നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • MG സർവകലാശാല SFI-AISF സംഘർഷം; ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴിനൽകാത്തത് ആരോഗ്യപ്രശ്നങ്ങളാലെന്ന് വനിതാ നേതാവ് 

    MG സർവകലാശാല SFI-AISF സംഘർഷം; ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴിനൽകാത്തത് ആരോഗ്യപ്രശ്നങ്ങളാലെന്ന് വനിതാ നേതാവ് 

    ആരോഗ്യപ്രശ്നങ്ങളാണ് മൊഴിനൽകാൻ എത്താതിരുന്നത് എന്ന് സംസ്ഥാന ചുമതലയുള്ള പരാതിക്കാരിയായ വനിതാ നേതാവ് പറയുന്നു.

    എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് വനിതാ നേതാവ്

    എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് വനിതാ നേതാവ്

    • Share this:
    കോട്ടയം:  എം ജി സർവകലാശാലയിലെ (MG University)  എസ്എഫ്ഐ- എഐഎസ്എഫ് ( SFI-AISF) സംഘർഷത്തെ തുടർന്നുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ മൊഴിനൽകാത്തത് ആരോഗ്യപ്രശ്നങ്ങളാലെന്ന് വനിതാ നേതാവ് (AISF Woman Leader).  ഇതോടെ അന്വേഷണം ഒത്തുതീർപ്പിലേക്ക് പോകുന്നു എന്ന സൂചനകൾ പുറത്തുവന്നു. എന്നാൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും ഇല്ലായെന്ന് എഐഎസ്എഫ് വനിതാ നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.

    ആരോഗ്യപ്രശ്നങ്ങളാണ് മൊഴിനൽകാൻ എത്താതിരുന്നത് എന്ന് സംസ്ഥാന ചുമതലയുള്ള പരാതിക്കാരിയായ വനിതാ നേതാവ് പറയുന്നു. ഇക്കാര്യങ്ങൾ പോലീസിനെ നേരത്തെതന്നെ അറിയിച്ചതാണ്. ഇന്നലെ ഡിവൈഎസ്പിയെ നേരിട്ട് വിളിച്ചാണ് ഈ കാര്യങ്ങൾ പറഞ്ഞത്. സംഘർഷത്തിന് ശേഷം പുറംവേദന ശക്തമായി ഉണ്ട്. മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ട്.  രണ്ടു ദിവസത്തേക്ക് യാത്രകൾ പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു എന്നും  എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.

    സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് ആയതിനാൽ തന്നെ പോലീസ് നേരിട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തണമെന്ന അഭിപ്രായമാണ് എഐഎസ്എഫിന് ഉള്ളത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ശേഷവും നേരിട്ട് വീട്ടിലെത്തി മൊഴി സ്വീകരിക്കാത്തത് സംശയകരം ആണെന്ന് എഐഎസ്എഫ് വിലയിരുത്തുന്നുണ്ട്. സിപിഐ ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും എഐഎസ്എഫ്  നേതാക്കൾ പറയുന്നു. ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും സംഘടന നിൽക്കില്ല എന്നാണ്  ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നത്. ഇന്നലെ എഐവൈഎഫ് ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

    Also Read- SFI- AISF സംഘർഷം; എം ജി സർവകലാശാല ലൈംഗിക അധിക്ഷേപ ആരോപണത്തിൽ മൊഴി നൽകാനാളില്ലെന്ന് പോലീസ് 

    നേരത്തെ എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിലും മൊഴിനൽകാൻ എസ്എഫ്ഐ നേതാക്കൾ തയ്യാറാകുന്നില്ല എന്ന് പോലീസ് പറയുന്നു.എഐഎസ്എഫ് വനിതാ നേതാവ് ആദ്യം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ  മൊഴി നൽകിയതിന് പിന്നാലെയാണ് എസ്എഫ്ഐ പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസിൽ പരാതി നൽകി എന്നതിനപ്പുറം മൊഴിനൽകാൻ എസ്എഫ്ഐ നേതാക്കളും എത്തുന്നില്ല എന്ന് പോലീസ് പറയുന്നു. ഇരു സംഘടനാ നേതാക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരെയും കിട്ടുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

    എഐഎസ്എഫ് നൽകിയ പരാതിക്ക് സമാനമായ പരാതിയാണ് എസ്എഫ്ഐയും നൽകിയത്.  എഐഎസ്എഫ്  നേതാക്കൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് എസ്എഫ്ഐ നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. എഐഎസ്എഫ് നൽകിയ പരാതിക്ക് സമാനമായി വനിതാ പ്രവർത്തകയെ എഐഎസ്എഫ് പ്രവർത്തകർ അപമാനിച്ചു എന്നും പരാതിയിൽ പറയുന്നു. എസ്എഫ്ഐ നൽകിയ പരാതിയിൽ ഏഴ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    നേരത്തെ എഐഎസ്എഫ് നൽകിയ പരാതിയിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏതായാലും സംഭവത്തിൽ മൊഴി നൽകാതെ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്ന നിലപാടിലാണ് പോലീസ്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനാലാണ് ആദ്യം ഗാന്ധിനഗർ പോലീസിൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് കോട്ടയം ഡിവൈഎസ്പിക്ക് കീഴിലേക്ക് മാറ്റിയത്. സംഭവം വഷളായതോടെ വിഷയത്തിൽ ഇടപെടാൻ ആകാത്ത സ്ഥിതിയിലാണ് സിപിഎം സിപിഐ പാർട്ടികൾ. സ്ത്രീത്വത്തിനു നേരെയുള്ള അതിക്രമം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കേസുകൾ ഒത്തുതീർപ്പായാൽ പൊതുസമൂഹത്തിൽ വലിയ ചർച്ചയാകും എന്നും ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിലയിരുത്തുന്നു.
    Published by:Rajesh V
    First published:
    )}