വാളയാർ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറിയത് മണിക്കൂറുകളോളം ആശങ്ക പരത്തി. ജാർഖണ്ഡിൽ നിന്നും ഇടുക്കി കട്ടപ്പനയിലേക്ക് പോവുകയായിരുന്ന തൊഴിലാളി സംഘത്തിൽപ്പെട്ട ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് വാളയാർ അട്ടപ്പള്ളത്ത് ജാർഖണ്ഡ് സ്വദേശിയായ ഛോതാഖ മുർമു മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജാർഖണ്ഡിൽ നിന്നും ഇടുക്കി കട്ടപ്പനയിലേക്ക് ബസിൽ പോവുകയായിരുന്ന മുപ്പതംഗ സംഘം ചായ കുടിക്കാനായി വാളയാറിൽ ബസ് നിർത്തിയതായിരുന്നു.
മറ്റു തൊഴിലാളികൾ ചായ കുടിയ്ക്കുന്നതിനിടെ ഇദ്ദേഹം അട്ടപ്പള്ളത്തെ വാട്ടർ ടാങ്കിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തിയെങ്കിലും തൊട്ടടുത്ത ഉയരമുള്ള മരത്തിലേക്ക് കയറി ഇയാൾ ഭീഷണി തുടർന്നു. സംഭവമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.
Also Read-
രണ്ട് തലയും മൂന്ന് കണ്ണുമായി പശുക്കിടാവ്; ദുർഗാ ദേവിയുടെ അവതാരമെന്ന് നാട്ടുകാർ
എന്നാൽ ഇദ്ദേഹം കൂടുതൽ ഉയരത്തിലേക്ക് കയറിയത് ആശങ്ക ഉയർത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനൊടുവിൽ താഴെ ഇറങ്ങാൻ തയ്യാറായി. എന്തിനാണ് ഇയാൾ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
കഞ്ചിക്കോട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ പി.ഒ വർഗീസ്, ഫയർ ഓഫീസർമാരായ അബു സലി, വിനീത് കുമാർ, സജിത്ത്, ഗോപകുമാർ സമീർ, സതീഷ്, കൃഷ്ണപ്രസാദ് എന്നിവരടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.