തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന മലയാളികള്‍ വീണ്ടും തിരിച്ചടി. പാൽ വിലയിൽ (Milk Price Hike )വർധന ആവശ്യപ്പെട്ട് മിൽമ (Milma) സർക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.
45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ആരോഗ്യമന്ത്രിയോട് മരുന്നില്ലെന്ന് പറഞ്ഞ സംഭവം; കാരുണ്യ ഫാര്‍മസി ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ (Medical College) കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് മന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിലില്ലായിരുന്നു.
ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 9.15ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്ന് ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലായി.
അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.
അത്യാഹിത വിഭാഗത്തില്‍ നിന്നും മന്ത്രി പിന്നീട് വാര്‍ഡുകളാണ് സന്ദര്‍ശിച്ചത്. അപ്പോഴാണ് പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്ന് കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞത്. അദ്ദേഹത്തില്‍നിന്ന് മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ദേഷ്യപ്പെട്ടു.
ഉടന്‍ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്കി. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.