നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ടെട്രാ പാക്ക്? നിരോധനം മറികടക്കാന്‍ ബദല്‍ മാർഗം തേടി മില്‍മ

    പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ടെട്രാ പാക്ക്? നിരോധനം മറികടക്കാന്‍ ബദല്‍ മാർഗം തേടി മില്‍മ

    പ്ലാസ്റ്റിക് കവറിന് പകരം ടെട്രാ പാക്ക് ( ജൂസുകള്‍ പാക്ക് ചെയ്യുന്ന രീതി) സംവിധാനത്തിലൂടെ പാല്‍വിപണനം നടത്താനാകുമെന്നതാണ് മില്‍മയുടെ പ്രതീക്ഷ. പക്ഷേ ഇതിന് ചിലവേറും,അങ്ങനെവന്നാല്‍ പാല്‍ വില ഉയര്‍ത്തേണ്ടിയും വരും.

    മിൽമ

    മിൽമ

    • Share this:
    സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുക ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് മില്‍മക്കാണ്. പ്രതിദിനം 26 ലക്ഷത്തോളം പ്ലാസ്റ്റിക് കവറുകളാണ് മില്‍മ കൈകാര്യം ചെയ്യുന്നത്. നിരോധനം വരുന്നതോടെ പാല്‍വിപണനം എങ്ങനെ നടത്തുമെന്നതാണ് ചോദ്യം. ബദല്‍ സാധ്യതകള്‍ പലത് പരീക്ഷിച്ചുനോക്കി. പക്ഷേ ഫലപ്രദമായ രീതി ഇതുവരെ കണ്ടെത്താനായില്ല. പ്രത്യേക സാഹചര്യം പരിഗണിച്ച് മില്‍മക്ക് നിരോധനം നടപ്പിലാക്കുന്നതില്‍ ഇളവ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്ലാസിറ്റിക് നിരോധനം നടപ്പിലാക്കാനാണ് മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

    പ്ലാസിറ്റിക്കിന് പകരം ടെട്രാ പാക്ക്..

    പ്ലാസ്റ്റിക് കവറിന് പകരം ടെട്രാ പാക്ക് ( ജൂസുകള്‍ പാക്ക് ചെയ്യുന്ന രീതി) സംവിധാനത്തിലൂടെ പാല്‍വിപണനം നടത്താനാകുമെന്നതാണ് മില്‍മയുടെ പ്രതീക്ഷ. പക്ഷേ ഇതിന് ചിലവേറും,അങ്ങനെവന്നാല്‍ പാല്‍ വില ഉയര്‍ത്തേണ്ടിയും വരും. പ്ലാസ്റ്റിക്കിന് പകരം ചോളത്തില്‍ നിന്നുള്ള ഉല്‍പന്നം കൊണ്ട് നിര്‍മ്മിക്കുന്ന കവറില്‍ പാല്‍ പാക്ക് ചെയ്യാനാവുമോയെന്ന് ആദ്യം പരീക്ഷിച്ചു. പക്ഷേ ഇത് ഫലപ്രദമല്ലെന്നാണ് കണ്ടെത്തല്‍. മറ്റ് സാദ്ധ്യതകളും മില്‍മ തേടുന്നുണ്ട്. 2 വര്‍ഷത്തെ സാവകാശം മില്‍മക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്തും. പ്ലാസ്റ്റിക്കിന്റെ വിപത്ത് അറിയാമെങ്കിലും ജനങ്ങള്‍ കവറില്‍ പാല്‍ വിൽക്കുന്നരീതി ഇഷ്ടപ്പെടുന്നുവെന്നാണ് മില്‍മയുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ നിരോധന പ്രഖ്യാപനം ഏറ്റെടുത്ത് പ്ലാസ്റ്റിക്ക് കവറുകള്‍ പെട്ടെന്ന് ഒഴിവാക്കിയാല്‍, സ്വകാര്യ മില്‍ക്ക് ഡയറികള്‍ കളം നിറയും. ഇത് മുന്നില്‍ കണ്ടാണ് പ്ലാസ്റ്റിക് ഒഴിവാക്കുന്നതില്‍ മില്‍മ സാവകാശം കണ്ടെത്തിയത്.

    മില്‍ക്ക് വെന്‍ഡിങ്ങ് മെഷീനുകള്‍...

    പ്ലാസ്റ്റിക്കിന് പകരം മറ്റെന്ത് രീതി വന്നാലും പഴയരീതിയിലുള്ള വിതരണസംവിധാനം സാധ്യമല്ല. പൊതുജനങ്ങള്‍ പാത്രങ്ങള്‍ കൊണ്ടുവന്ന് പാല്‍വാങ്ങുന്ന രീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. ഇതിന് എത്രപേര്‍ തയ്യാറാകുമെന്നതാണ് ചോദ്യം. മറ്റൊരു സാധ്യത മില്‍ക്ക് വെന്‍ഡിങ്ങ് മെഷീനുകളാണ്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന മെഷീനുകളില്‍ പണം നിക്ഷേപിച്ച് ജനങ്ങള്‍ക്ക് പാല്‍ കൊണ്ട്‌പോകാം. ഇതിന്റെ സാധ്യതകളും മില്‍മ തേടുന്നുണ്ട്.

    കാലി കവര്‍ നല്‍കിയാല്‍ പണം നല്‍കും..

    പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കുന്നതിന് സാവകാശം ഉണ്ടെങ്കിലും പ്ലാസ്റ്റിക്കിനെതിരായ പ്രചരണം മില്‍മ ആരംഭിച്ചുകഴിഞ്ഞു. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് കാലികവറുകള്‍ സംഭരിക്കാന്‍ നീക്കം തുടങ്ങി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അടുത്തമാസവും മറ്റ് ജില്ലകളില്‍ ജനുവരിയിലും പദ്ധതി ആരംഭിക്കും. ഹരിത കര്‍മ്മസേന, സ്‌ക്രാപ്പ് വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉപയോഗിച്ചാവും സംഭരണം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഇക്കാര്യത്തില്‍ മില്‍മ പ്രതീക്ഷിക്കുന്നു. കാലികവറുകള്‍ തിരിച്ചേല്‍പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്നതും മില്‍മ ആലോചിക്കുന്നുണ്ട്.

    Also Read- ആശങ്കയുടെ കാർ മേഘങ്ങൾ ഒഴിയുന്നു; കേരളത്തിന് പുതിയ രണ്ട് റഡാറുകൾ കൂടി
    First published:
    )}