തിരുവനന്തപുരം:എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍(Excise Officials) അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന് (MV Govindan)
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതിക്കെതിരെ എക്സൈസ് മന്ത്രി ആഞ്ഞടിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന് വ്യക്തമാക്കി. പലരും ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നുണ്ട്. നാണംകെട്ട അഴിമതി രീതിയാണ് ഈ ഉദ്യോഗസ്ഥര്‍ തുടരുന്നത്.അഴിമതിക്ക് അവകാശമുണ്ടെന്ന ഹുങ്കാണ് ഇവര്‍ക്ക്. പലരും അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന സാഹചര്യവുമുണ്ട്.
അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്നതും അഴിമതിയാണ്. അതുകൊണ്ട് എക്സൈസ് സംഘടനകള്‍ അഴിമതിക്കാരെ സംരക്ഷിക്കരുത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളം ആണ് ലഭിക്കുന്നത്. ശമ്പളം കുറവാണെങ്കില്‍ സമരം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മാസപ്പടി വാങ്ങുന്ന സമീപനമല്ല തുടരേണ്ടത്. അഴിമതി സംബന്ധിച്ച എല്ലാ പരാതികളും സര്‍ക്കാരിന് മുന്നില്‍ എത്തുന്നുണ്ട്.സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരും സര്‍ക്കാരിനെയും എക്സൈസ് കമ്മീഷണറെയും സമീപിക്കേണ്ടത് ഇല്ല.
അഴിമതിക്കാരെ സര്‍ക്കാര്‍ ഒരുകാരണവശാലും സംരക്ഷിക്കില്ല.
തെറ്റ് ചെയ്യുന്നവര്‍ അത് തിരുത്തിയില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങുമെന്നും മന്ത്രി എം വി ഗോവിന്ദന് മുന്നറിയിപ്പുനല്‍കി. എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കാനിരിക്കെ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്നു വ്യക്തമാക്കി കൊണ്ടായിരുന്നു അഴിമതിക്കാര്‍ക്ക് മന്ത്രി കര്‍ശന താക്കീത് നല്‍കിയത്.
എക്സൈസ് വകുപ്പില്‍ നിരവധി ഉദ്യോഗസ്ഥര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ യശസ് ഉയര്‍ത്തുന്നുണ്ട്. ഈ ഘട്ടത്തിലാണ് വകുപ്പിനെ മൊത്തത്തില്‍ അപമാനിക്കുന്ന രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നത്. എക്സൈസ് വകുപ്പില്‍ അഴിമതി വ്യാപകമാണെന്ന പരാതികള്‍ക്കിടെയായിരുന്നു മന്ത്രി തന്നെ വകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്.
മദ്യലോബി യുടെ സ്വാധീനവും ശക്തിയും വര്‍ധിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ വാളെടുത്തത്. മദ്യ വര്‍ജ്ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ആവര്‍ത്തിച്ചു. ലോകത്ത് ഒരിടത്തും മദ്യനിരോധനം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് മദ്യവര്‍ജനമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: M V Govindan