സഹജീവികൾക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ച KSRTC ഡ്രൈവർക്ക് മന്ത്രിയുടെ ആദരം

ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുമ്പോഴും ബസിലെ ഡ്രൈവര്‍ക്ക് മാത്രം തുറക്കാന്‍ സാധിക്കുന്ന വാതിലുകള്‍ തുറക്കുകയും യാത്രക്കാരോട് വേഗം പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനാണ് അദ്ദേഹം ശ്രമിച്ചത്...

news18
Updated: July 5, 2019, 8:35 AM IST
സഹജീവികൾക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ച KSRTC ഡ്രൈവർക്ക് മന്ത്രിയുടെ ആദരം
കൊട്ടാരക്കരയിൽ KSRTC ബസിന് തീപിടിച്ചപ്പോൾ
  • News18
  • Last Updated: July 5, 2019, 8:35 AM IST
  • Share this:
തിരുവനന്തപുരം: യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ആദർരമർപ്പിച്ച് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ബസ്സില്‍ യാത്ര ചെയ്തിരുന്ന സഹജീവികൾക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി കിളിമാനൂര്‍ യൂണിറ്റിലെ ഡ്രൈവര്‍ ആയ പി. പ്രകാശ് സ്വന്തം ജീവൻ ത്യജിച്ചതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുമ്പോഴും ബസിലെ ഡ്രൈവര്‍ക്ക് മാത്രം തുറക്കാന്‍ സാധിക്കുന്ന വാതിലുകള്‍ തുറക്കുകയും യാത്രക്കാരോട് വേഗം പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനാണ് അദ്ദേഹം ശ്രമിച്ചത്. കെഎസ്ആര്‍ടിസിയുടെ അഭിമാനമായ ഡ്രൈവര്‍ പി. പ്രകാശിന്റെ ജീവത്യാഗം തീര്‍ച്ചയായും ഹൃദയഭേദകമാണ്. അദ്ദേഹം സ്ഥാപനത്തിന് വേണ്ടി, യാത്രക്കാര്‍ക്ക് വേണ്ടി ചെയ്ത ജീവത്യാഗം എന്നെന്നും സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രന്‍റെ പത്രകുറിപ്പ് പൂർണരൂപം

അനേകം പ്രതിസന്ധികളില്‍ കൂടി കടന്നു പോകുന്ന ഒരു സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി-യെന്ന് നമുക്കെല്ലാമറിയാവുന്നതാണ്. തിരക്കേറിയ ഒരു ബസ്സിനുള്ളില്‍ അനേകം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കെ.എസ്.ആര്‍.ടി.സി-യിലെ ജീവനക്കാര്‍ പൊതുജനസേവനം ഉറപ്പാക്കുന്നത്. കെ.എസ്.ആര്‍.ടി.സി-യിലെ കണ്ടക്ടര്‍ , ഡ്രൈവര്‍ വിഭാഗമെന്നത് യാത്രക്കാരുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഉദ്യോഗസ്ഥരാണ്. അത് കൊണ്ട് തന്നെയാണ് അവര്‍ ചെയ്യുന്ന തെറ്റുകളായാലും ശരികളായാലും അത് മാധ്യമശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കെ.എസ്.ആര്‍.ടി.സി പൊതുജനങ്ങള്‍ക്കായി ചെയ്ത സേവനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. ബസ്സിനുള്ളില്‍ സുഖമില്ലാതായ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചും വഴിയില്‍ അപകടത്തില്‍പെട്ടവര്‍ക്ക് തക്കസമയത്ത് വൈദ്യസഹായം ഉറപ്പാക്കി ജീവന്‍ രക്ഷിച്ചും എന്തിനേറെപ്പറയുന്നു ബസ്സിനുള്ളില്‍ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെപ്പോലും യാത്രക്കാരുടെ പൂര്‍ണ സഹകരണത്തോടെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയവരാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. സാമൂഹ്യപ്രതിബദ്ധത എന്നത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഇന്ന് ഒരു ശീലമായി മാറിയിരിക്കുകയാണ്.

അത്തരം നടപടികളില്‍ വീണ്ടും ഒന്ന് കൂടി.

കെ.എസ്.ആര്‍.ടി.സി കിളിമാനൂര്‍ യൂണിറ്റിലെ ഡ്രൈവര്‍ ആയ ശ്രീ.പി. പ്രകാശ് സ്വന്തം ജീവനാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്തിരുന്ന സഹജീവികള്‍ക്കായി ത്യജിച്ചിരിക്കുന്നത്. കൊട്ടാരക്കരക്കടുത്ത് വയക്കല്‍ എന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചു തീപിടിച്ച ബസ്സിനുള്ളില്‍ നിന്നും 22 യാത്രക്കാരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ സ്വന്തം ജീവന്‍ അദ്ദേഹം ബലിയര്‍പ്പിക്കുകയാണുണ്ടായത്.

ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുമ്പോഴും ബസിലെ ഡ്രൈവര്‍ക്ക് മാത്രം തുറക്കാന്‍ സാധിക്കുന്ന വാതിലുകള്‍ തുറക്കുകയും യാത്രക്കാരോട് വേഗം പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനാണ് അദ്ദേഹം ശ്രമിച്ചത്. ശരീരത്തില്‍ ഏകദേശം നാല്പത് ശതമാനം പൊള്ളലേറ്റിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ നടത്തിവരികയായിരുന്നു. എന്നാല്‍ ചികിത്സക്കിടെ 03.07.2019ന് അദ്ദേഹം നമ്മെ വിട്ടു പിരിയുകയാണുണ്ടായത്.

കെഎസ്ആര്‍ടിസിയുടെ അഭിമാനമായ ഡ്രൈവര്‍ ശ്രീ. പി. പ്രകാശിന്റെ ജീവത്യാഗം തീര്‍ച്ചയായും ഹൃദയഭേദകമാണ്. അദ്ദേഹം സ്ഥാപനത്തിന് വേണ്ടി, യാത്രക്കാര്‍ക്ക് വേണ്ടി ചെയ്ത ജീവത്യാഗം എന്നെന്നും സ്മരിക്കപ്പെടും.

അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാന്‍ പങ്ക് ചേരുകയും ചെയ്യുന്നു.
First published: July 5, 2019, 8:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading