മരം മുറി കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. ഉദ്യോഗസ്ഥരെ പൂർണമായും കുറ്റപ്പെടുത്തുന്ന നിലപാടാണ് വനം മന്ത്രി ഇന്ന് പുറത്തെടുത്തത്. കോട്ടയം വെള്ളൂരിൽ വനംവകുപ്പിന്റെ വനമഹോത്സവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഹരിതവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ശശീന്ദ്രൻ സംസാരിച്ചത്. വൻതോതിൽ മരങ്ങൾ മുറിച്ച് കടത്തിയവർക്ക് നേരെ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായ ഈ പ്രവണത ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മരംമുറി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പക്ഷേ ഉദ്യോഗസ്ഥർ ഈ ഉത്തരവ് ദുരുപയോഗം ചെയ്തു. പൊതു പരിപാടിക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ശശീന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നില്ല എന്ന ആരോപണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ നടപടിയെടുക്കുന്ന കാര്യത്തിൽ യാതൊരു ആശയകുഴപ്പവും ഇല്ല എന്നും ശശീന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രാഥമികമായ നടപടിക്രമങ്ങൾ ആരംഭിച്ചതായി വനംമന്ത്രി വ്യക്തമാക്കി.
ഇതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് വനംവകുപ്പ് നടത്തിയത്. പല സംഘങ്ങളായി ചേർന്നുകൊണ്ടാണ് അന്വേഷണം നടന്നത്. വനംവകുപ്പ് നടത്തിയ ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ റവന്യു വകുപ്പിനും വനം വകുപ്പിനും ആശയക്കുഴപ്പമില്ല എന്നും പറഞ്ഞ് റവന്യൂ വകുപ്പിന്റെ നിലപാട് കൂടി ശശീന്ദ്രൻ അറിയിച്ചു. ഇക്കാര്യത്തിൽ നടക്കുന്ന അന്വേഷണങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത് എന്നും വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി നൽകി.
ലക്കിടിയിലുണ്ടായ സംഭവം വനം വകുപ്പിൻ്റെ വീഴ്ച്ചയാണെന്ന് സമ്മതിച്ച മന്ത്രി ഉദ്യോഗസ്ഥർ ഉത്തരവുകളെ വളച്ചൊടിക്കുകയാണ് എന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ആവർത്തിച്ച് തള്ളിപ്പറയുന്ന നിലപാടാണ് ഇന്നും ലക്കിടി വിഷയത്തിൽ എടുത്തത്.
മുൻ റവന്യൂ മന്ത്രിക്കും ന്യായീകരണംമുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിഞ്ഞാണ് എല്ലാം നടന്നതെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഈ ചന്ദ്രശേഖരനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവിട്ടായിരുന്നു വാർത്തകൾ വന്നത്. എല്ലാം അറിഞ്ഞിരുന്നു എന്ന് ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും സമ്മതിച്ചു. ഇതിനു പിന്നാലെയാണ് വനം മന്ത്രി ചന്ദ്രശേഖരന് പിന്തുണയുമായി രംഗത്തെത്തിയത്.
ഇ. ചന്ദ്രശേഖരനെ അവിശ്വസിക്കേണ്ട സാഹചര്യം ഇല്ല. ഇക്കാര്യത്തിൽ കർഷകർക്ക് ഗുണമുണ്ടാക്കുന്ന തീരുമാനം എന്ന നിലയിലാണ് ഉത്തരവ് ഇറക്കിയത് എന്നും അദ്ദേഹം ആവർത്തിച്ചു. ഉദ്യോഗസ്ഥരാണ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മരം കൊള്ള നടത്തിയത് എന്നാണ് മന്ത്രിയുടെ ആരോപണം.
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല പങ്ക്. ഇക്കാര്യത്തിൽ മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം മുട്ടിൽ വനം മുറി കേസിൽ ഉണ്ടായ വനം കൊള്ള കണ്ടെത്തിയത് വനംവകുപ്പാണ് എന്നും ശശീന്ദ്രൻ വ്യക്തമാക്കി.
സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഉദ്യോഗസ്ഥർ മാത്രമായി നടത്തിയ കൊള്ള എന്ന നിലപാടിലാണ് എ. കെ. ശശീന്ദ്രൻ. പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ നേതൃത്വത്തിനും വനം കൊള്ളയിൽ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്നത്തെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വനം മന്ത്രിയുടെ പ്രസ്താവന പുറത്തു വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.