• HOME
 • »
 • NEWS
 • »
 • kerala
 • »
 • Case against Babu | ബാബു മല കയറിയത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം; പക്ഷെ കേസെടുക്കില്ല; നടപടി നിര്‍ത്തിവെക്കാന്‍ മന്ത്രി

Case against Babu | ബാബു മല കയറിയത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം; പക്ഷെ കേസെടുക്കില്ല; നടപടി നിര്‍ത്തിവെക്കാന്‍ മന്ത്രി

വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 • Share this:
  ട്രെക്കിങ്ങിന് പോയി മലമ്പുഴ (Malampuzha) ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രന്‍ (AK Saseendran). ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

  വനമേഖലയില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

  മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകനുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബാബു കയറിയ കൂര്‍മ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

  ബാബു ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുക.

  Malampuzha Rescue | 'ചിലര്‍ എന്തിനെയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയുള്ളവര്‍'; രക്ഷാദൗത്യം വൈകിയെന്ന വിമർശനത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: മലമ്പുഴ (Malampuzha) ചേറാട് പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ചിലര്‍ക്ക് എല്ലാത്തിനെയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നും ദുരന്തനിവാരണ സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നുമുള്ള വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരമൊരു ദുരന്തമുണ്ടായാല്‍ പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതിന് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിയിട്ടുള്ളത്.

  കൃത്യതയോടെ അവിടെയുള്ള നടപടികള്‍ നടന്നു എന്നതാണ് വസ്തുത. ഇത്തരം സാഹചര്യത്തില്‍ ആദ്യം ശ്രമിച്ച ഏജന്‍സിക്ക് സാധ്യമാകാതെ വരുമ്പോഴാണ് കരസേനയെ വിളിക്കുന്നത്. ആ ഘട്ടത്തില്‍ കരസേനയെ അറിയിക്കുകയും കാര്യക്ഷമമായി അവര്‍ അതില്‍ ഇടപെടുകയും ചെയ്തു. ഇതില്‍ ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ലെന്നാണ് കാണാന്‍ കഴിയുക.

  ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അതിന്റെ നല്ല കാര്യങ്ങള്‍ കാണാതെ മോശം കാര്യങ്ങള്‍ കാണുക എന്നത് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒന്നാണ്. കാര്യങ്ങളെ എങ്ങനെ മോശമായി ചിത്രീകരിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ മാനസികാവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിനുമുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

  സേനാവിഭാഗങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
  മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ രംഗത്തെത്തിയ വിവിധ സേനാ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ബാബുവിന് ആവശ്യമായ തുടർ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ചു നന്ദി അറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

  Published by:Sarath Mohanan
  First published: