കോട്ടയം: സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ പുതിയ വാഹനം വാങ്ങിക്കുന്നത് വലിയ ചർച്ചകൾക്ക് ഇടം നൽകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പുതിയ വാഹനം വാങ്ങിയത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം മുഖ്യമന്ത്രിയുടെ പുതിയ വാഹനത്തിന്റെ വീഡിയോ വൈറലായിരുന്നു. സിപിഎം അനുകൂലികൾ കറുപ്പു നിറത്തിലുള്ള മുഖ്യമന്ത്രിയുടെ പുതിയ വാഹനത്തിന്റെ വീഡിയോകൾ പ്രചരിപ്പിച്ച് ആഘോഷം തന്നെ നടത്തി. എതിരാളികൾ ഇത് ആർഭാടം എന്ന മറു പ്രചരണവും നടത്തി.
മന്ത്രി എംഎം മണി സ്വന്തം വാഹനത്തിന് ടയറുകൾ മാറ്റിയിട്ട സംഭവം വിവാദമായിരുന്നു. 10 തവണയായി 34 ടയറുകൾ മാറ്റി എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ടയറുകൾ മാറ്റാനായി സർക്കാർ ഖജനാവിൽ നിന്ന് 3.4 ലക്ഷം രൂപ ചെലവാക്കിയത് അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായി. ഒരു ലക്ഷത്തിൽപരം കിലോമീറ്ററുകൾ യാത്ര ചെയ്തപ്പോഴാണ് മന്ത്രി എംഎം മണി 34 ടയറുകൾ മാറ്റിയത്. എന്നാൽ മലയോരമേഖലയിലെ യാത്ര കാരണമാണ് കൂടുതൽ ടയറുകൾ മാറ്റേണ്ടി വന്നത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായത് ഒരു മന്ത്രി വാഹനമായിരുന്നു.
മന്ത്രി വാഹനങ്ങൾ വിവാദങ്ങളിൽ പെടുന്ന ഈ കാലത്ത് ഇന്ന് കോട്ടയത്ത് നടന്നത് മറ്റൊരു വ്യത്യസ്ത കാഴ്ചയായിരുന്നു. വനം വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ എ കെ ശശീന്ദ്രൻ കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. രാവിലെ പത്തുമണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്ക് തൊട്ടുമുൻപ് വിശ്രമിക്കാനായി മന്ത്രി എത്തിയത് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരുന്നു.
Also Read-
അതൃപ്തി പരസ്യമാക്കിയത് അനൗചിത്യമെന്ന് സതീശൻ; കാപ്പന് അവിഭാജ്യ ഘടകമെന്ന് തിരുവഞ്ചൂര്രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പരിപാടിക്കായി മന്ത്രി പുറത്തേക്ക് എത്തി. ഇതിനിടെ മാധ്യമപ്രവർത്തകരുടെ മുന്നിൽ മാണി സി കാപ്പന്റെ യുഡിഎഫ് വിമർശനത്തിന് അടക്കം മന്ത്രി മറുപടി നൽകി. ഇതിനുപിന്നാലെയാണ് അഞ്ചാം നമ്പർ വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് പോകാൻ മന്ത്രി പുറപ്പെട്ടത്. വാഹനത്തിന് അടുത്തെത്തി യാത്ര പുറപ്പെടാൻ തുടങ്ങിയ മന്ത്രി കണ്ടത് മറ്റൊരു കാഴ്ച.
Also Read-
മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; താനും എല്ലാ ആഴ്ചയും ശരത് പവാറിനെ കാണാറുണ്ട്: എകെ ശശീന്ദ്രൻപാർട്ടി നേതാക്കളും പ്രവർത്തകരും അഞ്ചാം നമ്പർ സർക്കാർ വാഹനം തള്ളുന്നു. തള്ളുന്ന വാഹനം നോക്കി അൽപമകലെ മന്ത്രി കാത്തിരുന്നു. ഉടൻ വാഹനം ശരിയാകും എന്നായിരുന്നു മന്ത്രിയുടെ പ്രതീക്ഷ. ഇതിനിടെ മാധ്യമപ്രവർത്തകർ വാഹനം തള്ളുന്ന വീഡിയോ എടുത്തതോടെ പ്രവർത്തകർ പിൻവാങ്ങി. ഞങ്ങൾ ഇനി വാഹനം തള്ളാൻ ഇല്ല എന്നായി പ്രവർത്തകരുടെ നിലപാട്.
![]()
മന്ത്രി പിന്നെയും കാത്തു നിൽക്കുന്നത് കണ്ടു മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരു വാഹനം അടിയന്തരമായി ടിബിയിൽ എത്തണമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. മന്ത്രി പിന്നെയും നേതാക്കൾക്കൊപ്പം റസ്റ്റ് ഹൗസിന് മുന്നിൽ 10 മിനിറ്റ് കൂടി കാത്തു നിന്നു. ഒടുവിൽ ഫോറസ്റ്റ് വാഹനം എത്തി.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഫോറസ്റ്റ് വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് മന്ത്രിയുടെ യാത്ര. വാഹനത്തിന്റെ മുന്നിൽ ഔദ്യോഗികമായി സ്ഥാപിച്ച വകുപ്പിന്റെ കൊടി അഴിച്ചു മാറ്റിയാണ് മന്ത്രിക്ക് വേണ്ടി ഫോറസ്റ്റ് വാഹനം പരിപാടി സ്ഥലത്തേക്ക് കുതിച്ചത്. ഏതായാലും സർക്കാരിന്റെ മന്ത്രി വാഹനങ്ങളുടെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യുന്നതായി ഇന്ന് കോട്ടയത്ത് നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.