കൊല്ലം: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കിരണ്‍ കുമാര്‍ സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. കൊല്ലം നിലമേലില്‍ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കിരണ്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചതില്‍ നന്ദിയുണ്ടെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ പറഞ്ഞു
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നതിനാണ് കിരണിനെതിരെ നിയമ പ്രകാരം നടപടി സ്വീകരിച്ചത്. വകുപ്പ് തല അന്വേഷണത്തിന് നാല്‍പ്പത്തിയഞ്ച് ദിവസത്തെ സമയം മതി. ചട്ടപ്രകാരമല്ല പിരിച്ച് വിടല്‍ എന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം മന്ത്രി തള്ളി. കിരണിന് കുറ്റ പത്രം നല്‍കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥ തലത്തില്‍ വിശദ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
ഹീനമായ പ്രവൃത്തി നടത്തി സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആളിനെ പിരിച്ച് വിടുകയാണ് ചെയ്തത്. നടപടിക്കെതിരെ കിരണിന് സുപ്രീം കോടതി വരെ പോകാം സര്‍ക്കാരും ഏതറ്റം വരെയും പോകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ സംതൃപ്തിയെന്ന് വിസ്മയ യുടെ പിതാവ് പറഞ്ഞു.
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ നടപടി അയാള്‍ കുറ്റക്കാരനെങ്കില്‍ അനുയോജ്യമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു. നിലമേല്‍ വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിസ്മയയുടെ മരണംമൂലം ദു:ഖിതരായ കേരള സമൂഹത്തിന് സാന്ത്വനമേകുന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.
ഇക്കാര്യത്തില്‍ മന്ത്രിയേയും, വകുപ്പുദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും സുരേഷ്ഗോപി പറഞ്ഞു. വിസ്മയയുടേതുള്പ്പടെ സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന സ്ത്രീധന ദുരന്തങ്ങളുടെ വിവരം കേന്ദ്ര വനിതാ കമ്മീഷനെയും വനിത - ശിശുക്ഷേമ മന്ത്രാലയത്തിനെയും നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.