ഇന്റർഫേസ് /വാർത്ത /Kerala / തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി

ചിഞ്ചു റാണി

ചിഞ്ചു റാണി

സംഭവത്തിൽ മൃഗശാല ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് കൈമാറി

  • Share this:

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മൃഗശാലയിലെ ജീവനക്കാരനും കാട്ടാക്കട സ്വദേശിയുമായ ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. രാജവെമ്പാലയ്ക്ക് ഭക്ഷണം കൊടുത്ത് കൂട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു ജീവനക്കാരന് കടിയേറ്റത്.

ഹർഷാദിനെ  ജീവനക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിന്  പിന്നാലെ മൃഗശാല ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. മൃഗശാലയിൽ എന്താണ് സംഭവിച്ചതെന്നതിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് മൃഗശാല ഡയറക്ടർ അബു എസ്. സർക്കാരിന് കൈമാറി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഹർഷാദ് ആദ്യം രാജവെമ്പാലയുടെ വലിയ കൂട് വൃത്തിയാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുശേഷമാണ്  ചെറിയ കൂട്  വൃത്തിയാക്കാൻ ശ്രമിച്ചത്. ചെറിയ കൂട്ടിൽ പാമ്പുള്ള സമയത്തായിരുന്നു ഹർഷാദ് വൃത്തിയാക്കാൻ ശ്രമിച്ചത്. പാമ്പിനെ മാറ്റാതെ കൂട് വൃത്തിയാക്കാൻ ജീവനക്കാരൻ ശ്രമിച്ചതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് മൃഗശാല ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൃഗശാല ഡയറക്ടർ അബു എസ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്കാണ് റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ട് മന്ത്രി ചിഞ്ചു റാണി മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്ന് ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കും. ഹർഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇൻഷൂറൻസ് ഉള്ളതിനാൽ ഹർഷാദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ലഭിക്കും. ഹർഷാദ് സ്ഥിരം ജീവനക്കാരനായിരുന്നതിനാൽ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മന്ത്രി അറിയിച്ചു.

ഇത് കൂടാതെ കുടുംബത്തിന് ഏതൊക്കെ രീതിയിൽ സഹായം നൽകാമെന്നതിനെ കുറിച്ച്  ആലോചിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കുടുംബത്തിന് പുതിയൊരു വീട് വച്ചു നൽകുക എന്നുള്ളതാണ്. നിർധന കുടുംബം ആയതിനാൽ തന്നെ വീട് വെച്ച് നൽകാനുള്ള നിയമവശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ എല്ലാം ശനിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തിൽ  മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ്, മൃഗശാല ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

അതിനുശേഷം മ്യൂസിയം അധികൃതരുടെ ഭാഗത്തുനിന്ന് സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. അതേസമയം പാമ്പുകളെ പരിപാലിക്കുന്നതിൽ 20 വർഷത്തെ അനുഭവസമ്പത്തുള്ള ജീവനക്കാരനായിരുന്നു ഹർഷാദ്. നേരത്തെ  താൽക്കാലിക ജീവനക്കാരനായിരുന്ന അർഷാദിനെ മൂന്നു വർഷം മുമ്പ് സ്ഥിരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്  സർക്കാരിന് കൂടുതൽ സഹായം നൽകാൻ സാധിക്കുക.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഹർഷാദിന്റെ മൃതദേഹം വെള്ളിയാഴ്ച മൃഗശാലയിൽ പൊതുദർശനത്തിനു വച്ചിരുന്നു. ഹൃദയഭേദകമായ യാത്രയയപ്പാണ് സഹപ്രവർത്തകർ ഹർഷാദിന് നൽകിയത്.

Summary: Minister J Chinchu Rani offers support to the family of deceased zoo worker in Thiruvananthapuram

First published:

Tags: J Chinchu Rani, Thiruvananthapuram zoo