തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഔദ്യോഗിക വസതിയിൽ വെച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് സെപ്റ്റംബർ 11നാണ് മന്ത്രി ഇ പി ജയരാജനെയും ഭാര്യ ഇന്ദിരയെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് 19ന് ആശുപത്രിവിട്ടു. കോവിഡ് മുക്തനായശേഷം വിശ്രമത്തിൽ കഴിയവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.