കോഴിക്കോട്: വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നാൽ ഇന്നുതന്നെ അരിക്കൊമ്പനെ പിടികൂടാനാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ദുഷ്കരമായ മേഖലയിലാണ് അരിക്കൊമ്പനെ ഇപ്പോൾ ഉളളതെന്നും, ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലത്ത് അരിക്കൊമ്പനെ എത്തിച്ച് വെടിവെക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നാൽ ഇന്നുതന്നെ അരിക്കൊമ്പനെ പിടികൂടാനാകും. അല്ലെങ്കിൽ അങ്ങനെ ചെയ്യണമെന്ന നിശ്ചദാർഢ്യത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. അവരുടെ ആത്മവിശ്വാസം തകർക്കുന്നു’- മന്ത്രി പറഞ്ഞു.
Also read-അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി; നിരീക്ഷിച്ച് വനംവകുപ്പ്; ദൗത്യം രണ്ടാം ദിനത്തിൽ
‘വന്യമൃഗത്തെ പിടിക്കുക എന്നത് വരച്ചുവെച്ച പ്ലാനിൽ നടക്കണമെന്നില്ല. നമ്മുടെ പ്ലാനുകൾ വന്യമൃഗത്തിന് ബാധകമല്ല. അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്താൻ കഴിയുമെന്ന് അരിക്കൊമ്പൻ ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു വന്യമൃഗവും ഏതെങ്കിലും ഒരു വനംവകുപ്പ് ജീവനക്കാരുടെ മുമ്പിൽ വന്ന് നിന്നു കൊടുക്കുകയില്ല. അവർക്ക് നമ്മളെക്കാളും ബുദ്ധിയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ദൗത്യസംഘത്തിന്റെ സാന്നിധ്യം അറിഞ്ഞുകൊണ്ട് അത് മനസ്സിലാക്കിക്കൊണ്ടുള്ള നീക്കങ്ങളും അവർ നടത്തുന്നുണ്ട്’ മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.