കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയ പാലിന്റെ പരിശോധന ഫലത്തിന്റെ പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ ചിഞ്ചു റാണി. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയെന്ന് ക്ഷീര വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധന ഫലം. കേന്ദ്ര നിയമം അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി വീണ ജോർജിന്റെ ഇതിനോടുള്ള പ്രതികരണം.
ജനുവരി 11ന് പുലർച്ചെ പാൽ പിടികൂടുമ്പോൾ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ആര്യങ്കാവ് ചെക്പോസ്റ്റിൽ മൂന്ന് ഘട്ടമായി നടത്തിയ ഇ സ്ക്രീനിംഗ് ടെസ്റ്റ് അടക്കമുള്ളവയുടെ പരിശോധന ഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധയിൽ രാസ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തി ആറ് മണിക്കൂറിനകം പരിശോധന നടത്തിയില്ലെങ്കിൽ രാസ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല.
എത്ര സമയം കഴിഞ്ഞാലും ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വാദവും മന്ത്രി ജെ ചിഞ്ചുറാണി തള്ളിക്കളഞ്ഞു.
ക്ഷീരവകുപ്പിന് നടപടിയെടുക്കാൻ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി. എന്നാൽ കേന്ദ്ര നിയമപ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന എന്നായിരുന്നു മന്ത്രി വീണ ജോർജിന്റെ മറുപടി.
Also Read- ഹോംവർക്കുകൾ വരെ ചെയ്യുന്ന ചാറ്റ്ബോട്ട്; അധ്യാപകർ ചാറ്റ് ജിപിടിയെ എതിർക്കുന്നത് എന്തുകൊണ്ട്?
പാലിൽ മായം കണ്ടെത്താത്ത സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തെങ്കാശി അഗ്രി സോഫ്റ്റ് ഡയറി ഫാം. പന്തളത്തെ ഫാമിലേക്ക് കൊണ്ടുപോകും വഴിയാണ് പാൽ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.