സംസ്ഥാനത്ത് 43,952 പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ല; മന്ത്രി കെ.രാധാകൃഷ്ണൻ
സംസ്ഥാനത്ത് 43,952 പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ല; മന്ത്രി കെ.രാധാകൃഷ്ണൻ
പുതിയ ഉപകരണങ്ങൾ ലഭ്യമാകുന്നത് വരെ കൈറ്റ് വഴി സ്കൂളുകൾക്ക് വിതരണം ചെയ്ത ഒരുലക്ഷത്തോളം പുതിയ ലാപ് ടോപുകൾ തിരിച്ചെടുത്ത് പട്ടിക വർഗ മേഖലയിലുള്ള വിദ്യാർഥികൾക്ക് വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് 43,952 പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ഈ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകണമെന്ന് ഉത്തരവുണ്ട്. പുതിയ ഉപകരണങ്ങൾ ലഭ്യമാകുന്നത് വരെ കൈറ്റ് വഴി സ്കൂളുകൾക്ക് വിതരണം ചെയ്ത ഒരുലക്ഷത്തോളം പുതിയ ലാപ് ടോപുകൾ തിരിച്ചെടുത്ത് പട്ടിക വർഗ മേഖലയിലുള്ള വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് സൗകര്യം കുറവുള്ളതോ ലഭ്യമല്ലാത്തതോ ആയോ 1034 കോളനികളുടെ വിവരങ്ങൾ ഐ.ടി.വിഭാഗത്തിന് ലഭ്യമാക്കി. വൈദ്യുതി എത്താത്ത 74 കോളനികൾ സംസ്ഥാനത്തുണ്ട്. ഇവിടെ അനർട്ടിന്റെ സഹായത്തോടെ വൈദ്യുതി എത്തിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പിൽ ഉചിതമായ നടപടി സ്വീകരിച്ചു എന്നും മന്ത്രി സഭയിൽ പറഞ്ഞു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. സഭവത്തിന്റെ പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് ഉള്ള ആനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. കൂടാതെ പദ്ധതി നിർവഹണത്തിനയുള്ള സോഫ്റ്റ്വെയറിലെ ദുരുപയോഗ സാധ്യത ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന ഓഫീസർമാരായിരുന്ന ശ്രീ.എസ്.ആർ.മനോജ്, ശ്രീ.പ്രജിത്ത് ലാൽ എസ്. എന്നിവരെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ക്രമക്കേടുകളിൽ പങ്കുണ്ടെന്നു കരുതുന്ന മൂന്ന് എസ്.സി. പ്രൊമോട്ടർമാരെ സേവനത്തിൽ നിന്നും നീക്കം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുത്തു. വകുപ്പുതല ഓഡിറ്റ് പരിശോധനയിലൂടെയും വകുപ്പുതല അന്വേഷണങ്ങളിലൂടെയും പദ്ധതി നിർവ്വഹണത്തിലെ ക്രമക്കേടുകൾ കണ്ടെത്തി കർശനമായ മേൽനടപടികൾ സ്വീകരി വരുന്നു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയർ ദുരുപയോഗ സാധ്യത ഒഴിവാക്കുന്നതിനായുള്ള നടപടികൾ പട്ടികജാതി വികസനവകുപ്പും ധനകാര്യ വകുപ്പും സ്വീകരിച്ചു. ഓരോ ഉദ്യോഗതലത്തിലും അനുവദിക്കപ്പെട്ടിട്ടുള്ള യൂസർ ഐഡി യും പാസ്സ് വേർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ കൈകാര്യം ചെയ്യേണ്ടതും ആയത് മേലധികാരികൾ പരിശോധിക്കേണ്ടതാണെന്നുമുള്ള കർശന നിർദ്ദേശം വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും നൽകിയെന്നും മന്ത്രി അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.