തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കാത്തതെന്തെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ രാധാകൃഷ്ണന്. മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും എതിരായ പരാമര്‍ശം കൊടിക്കുന്നിലിന്റെ സ്ഥാനത്തിന് അനുയോജ്യമാണോയെന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. ആര്, ആരെ കല്യാണം കഴിയ്ക്കണം എന്നുള്ളത് അവരവരുടെ അവകാശമാണ്. അല്ലാതെ പെണ്‍കുട്ടികളെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചു വിടേണ്ടവരാണെന്ന ചിന്ത പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഓരോ സ്ത്രീയ്ക്കും ആരെ കെട്ടണമെന്നും ആരെ കെട്ടാതിരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതിന് വിരുദ്ധമായ പരാമര്‍ശം സ്ത്രീകളെ അവഹേളിക്കുന്നതിന് തുല്യമാണമെന്നും മന്ത്രി പറഞ്ഞു.
കെ. രാധാകൃഷ്ണനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി മറ്റു ചില ശക്തികളെ ഏര്‍പ്പെടുത്തിയെന്ന കൊടിക്കുന്നിലിന്റെ പരാമര്‍ശത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ കാര്യം നോക്കാന്‍ പാര്‍ട്ടിയ്ക്ക് അറിയാം. അതുകൊണ്ടാണ് മുമ്പ് മന്ത്രിയും നിയമസഭാ സ്പീക്കറുമൊക്കെ ആക്കിയത്. ഭരണഘടനാപരമായ സ്ഥാനത്താണ് ഇരിയ്ക്കുന്നതെങ്കിലും പാര്‍ട്ടിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് താനും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കൊടിക്കുന്നിലിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉന്നമിട്ടുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമാണ്. കേരളത്തില്‍ തുടര്‍ഭരണത്തിന് നേതൃത്വം നല്കിയ പിണറായി വിജയനോട് സ്വാഭാവികമായ അസൂയ കോണ്‍ഗ്രസുകാര്‍ക്കുണ്ട്. അതാണ് അദ്ദേഹത്തെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉണ്ടാകുന്നത്. മാത്രമല്ല രൂക്ഷമായ തമ്മിലടിയാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്.
ഡി.സി.സി. പ്രസിഡന്റുമാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നമാണ് അവിടെ നടക്കുന്നത്. അതു മറയ്ക്കാനാണ് മുഖ്യമന്ത്രിയ്ക്കും തനിയ്ക്കുമെതിരെ ആക്രമണം നടത്തുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന സമീപനമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിയിലെ മണ്ണ് ഒലിച്ചു പോവുകയാണ്. എന്നാല്‍ അതു മറച്ചു വയ്ക്കാന്‍ ഇത്തരം പ്രസ്താവനകളുമായി ഇറങ്ങിയിട്ട് കാര്യമില്ലെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Radhakrishnan, Kodikkunnil Suresh, Minister K Radhakrishnan