സിവില്‍ സര്‍വീസ് പരീക്ഷയില്‍ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂര്‍ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജന്. ആറാം റാങ്ക് നേടിയ മീരയെ വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറില്‍ തന്നെ സിവില്‍ സര്‍വീസ് ലഭിച്ചെന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. മീരയ്ക്ക് മധുര പലഹാരം നല്‍കിയാണ് മന്ത്രി ആഘോഷത്തിന്റെ ഭാഗമായത്.
സംസ്ഥാനത്തിന് മുഴുവന്‍ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേയ്ക്ക് മീരയെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി എം എല്‍ എ, ജനപ്രതിനിധികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കോലഴി, പോട്ടോരില്‍ രാംദാസിന്റെയും രാധികയുടെയും മകളായ മീരയ്ക്ക് ബാംഗളൂരുവില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് കരസ്ഥമാക്കിയത്.
തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജ് 2016 ബാച്ച് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയാണ് മീര. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീര പറഞ്ഞു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.