• HOME
 • »
 • NEWS
 • »
 • kerala
 • »
 • രജിത് കുമാറിന് സ്വീകരണം; അത്തരത്തിലെ ആൾക്കൂട്ടത്തിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെന്ന് കടകംപളളി

രജിത് കുമാറിന് സ്വീകരണം; അത്തരത്തിലെ ആൾക്കൂട്ടത്തിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെന്ന് കടകംപളളി

ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്വീകരണം നൽകിയതെന്ന് മന്ത്രി

rajith kadakampally

rajith kadakampally

 • Share this:
  തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ബിഗ് ബോസ് മത്സരാർഥി രജിത് കുമാറിന് നൽകിയ സ്വീകരണത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡിനെ തടയാനായി ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്വീകരണം നൽകിയതെന്നും മന്ത്രി പറഞ്ഞു.

  ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയത് അതിരുവിട്ട പ്രകടനമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

  ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും.
  You may also like:കോവിഡ് 19: ബ്രിട്ടീഷ്, ഇറ്റലി പൗരന്മാരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു [NEWS]കോവിഡ് 19: ദന്ത ചികിത്സയ്ക്കായി പോകുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ [NEWS]
  ഇന്ന് ഈ സംഘം ആറ്റിങ്ങലിലും ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയായിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആൾക്കൂട്ടം അനുവദിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്‌‌. അതിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

  നാം ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒരോത്തരുടെയും ജാഗ്രത കുറവ്‌ കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത്‌ അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക്‌ തന്നെ ഉണ്ടാകണം. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്‌.
  Published by:user_49
  First published: