തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാറിന്റെ ടയർ ഊരിത്തെറിച്ച് അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. കാറിന്റെ വേഗത 20 കിലോമീറ്ററിൽ താഴെ ആയിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ധനവകുപ്പ് മന്ത്രിമാരുടെ വാഹനത്തിന്റെ ചുമതലയുള്ള വിനോദസഞ്ചാരവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരം കുറവൻകോണത്ത് വെച്ചാണ് മന്ത്രി കെ എൻ ബാലഗോപാലിന്റെ കാർ അപകടത്തിൽപ്പെട്ടത്. കാറിന്റെ പിന്നിലെ ഒരു ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്ന കാർ റോഡിൽ ഉരസി നിൽക്കുകയായിരുന്നു. 20 കിലോമീറ്ററിൽ താഴെ മാത്രം വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ടയർ ഊരിത്തെറിച്ചിട്ടും കാർ മറിയാതെ രക്ഷപെടുകയായിരുന്നു.
കാലപ്പഴക്കമുള്ളതിനാലാണ് ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കാനിടയായതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ കിലോമീറ്റർ ഓടിയ കാറാണ് ധനമന്ത്രിയുടെ ഔദ്യോഗിക വാഹനം.
വീണ്ടും കെ സ്വിഫ്റ്റ് അപകടം: നിർത്തിയിട്ട ബസ് പിറകിലേക്ക് നീങ്ങി ലോ ഫ്ലോർ ബസിൽ ഇടിച്ചു
കോഴിക്കോട്: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ഇന്ന് വൈകിട്ട് കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽവെച്ച് സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെടുകയായിരുന്നു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ലോ ഫ്ലോർ ബസിൽ സ്വിഫ്റ്റ് ബസ് ഇടിച്ചു. ഇതേത്തുടർന്ന് ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് തകർന്നു. ട്രാക്കിൽ നിർത്തിയിട്ട സിഫ്റ്റ് പിറകിലേക്ക് നീങ്ങുകയായിരുന്നു അതേസമയം ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നു എന്ന് ഡ്രൈവർ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു.
Also Read-
അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടാത്തത് എന്തുകൊണ്ട്? വിശദീകരിച്ച് KSRTC
കെ എസ് ആർ ടി സിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസുകൾ ഏപ്രിൽ 11 മുതലാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ രാത്രിയിൽ കല്ലമ്പലത്തിന് അടുത്ത് വെച്ച് കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോയ ബസ് എതിരേ വന്ന ലോറിയിൽ തട്ടുകയും റിയർവ്യൂ മിറർ ഗ്ലാസ് പൊട്ടുകയുമായിരുന്നു. 35000 രൂപ വിലയുള്ള റിയർവ്യൂ മിറർ ആണ് ഈ അപകടത്തിൽ തകർന്നത്. പിന്നീട് കോഴിക്കോട് സ്റ്റാൻഡ്, കോട്ടക്കൽ, കുന്നംകുളം, താമരശേരി ചുരം എന്നിവിടങ്ങളിൽവെച്ചും കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു.
കെ സ്വിഫ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് ആദ്യ അപകടങ്ങൾ സംഭവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.