നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മര്യാദകേട് പറയരുത്...! പട്ടയവിതരണ വേദിയിൽ റോഷി അഗസ്റ്റിനെ നിർത്തിപൊരിച്ച് മന്ത്രി മണി; മറുപടിയുമായി ഡീൻ

  മര്യാദകേട് പറയരുത്...! പട്ടയവിതരണ വേദിയിൽ റോഷി അഗസ്റ്റിനെ നിർത്തിപൊരിച്ച് മന്ത്രി മണി; മറുപടിയുമായി ഡീൻ

  യു.ഡി.എഫ് കാലത്ത് 45000 പട്ടയങ്ങൾ വിതരണം ചെയ്തെന്ന എംഎൽഎയുടെ അവകാശ വാദം എം.എം മണിയെ ചാെടിപ്പിച്ചു

  mm mani

  mm mani

  • Share this:
  ഇടുക്കി: കട്ടപ്പനയിലെ മെഗാ പട്ടയമേളയുടെ സ്വാഗത പ്രസംഗ വേദിയിലാണ് സംഭവം. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 45,000 പട്ടയങ്ങൾ വിതരണം ചെയ്തതായി റോഷി അഗസ്റ്റിൻ MLA അവകാശപ്പെട്ടു. എന്നാൽ പിന്നാലെയെത്തിയ എം.എം.മണി റോഷിയുടെ വാക്കുകൾ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായി വിമർശിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 45000 പട്ടയങ്ങൾ വിതരണം ചെയ്തത് ഞങ്ങളാന്നും കണ്ടില്ലെന്ന് MM മണി തനതു ശൈലിയിൽ ആഞ്ഞടിച്ചു. കർഷകർക്ക് ഉപാധി രഹിത പട്ടയം, വരുമാന പരിധി എടുത്തുകളയൽ തുടങ്ങി വിപ്ലവകരമായ മാറ്റങ്ങളാണ് പിണറായി സർക്കാർ വരുത്തിയത്. അതിനെ മറച്ചുവെയ്ക്കുന്നത് മര്യാദകേടാണെന്ന് എംഎൽഎയെ നോക്കി മന്ത്രി കത്തിക്കയറി.

  റവന്യൂ മന്ത്രിയുടെ പട്ടയ വിതരണത്തിനു ശേഷം ആശംസാ പ്രാസംഗികനായി എത്തിയ ഡീൻ കുര്യാക്കോസ് എം.പി മന്ത്രി മണിയ്ക്ക് വേദിയിൽ തന്നെ മറുപടി നൽകി. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണെന്ന ആമുഖത്തോടെയായിരുന്നു മറുപടി. ഏത് സർക്കാരായാലും നല്ലതു ചെയ്താൽ നല്ലതെന്ന് പറയണം. ഇത് ഇടുക്കിയിലെ ആദ്യത്തെ പട്ടയ മേളയല്ലെന്ന് ഓർക്കണം, അവകാശ വാദങ്ങൾക്കുള്ള സമയമല്ലെന്ന് ഓർക്കണം, യു.ഡി.എഫിന്റെ കാലത്ത് വിതരണം ചെയ്ത പട്ടയങ്ങളെ അംഗീകരിയ്ക്കാൻ എന്താണ് ബുദ്ധിമുട്ടെന്നും പ്രതിപക്ഷത്തോട് അസഹിഷ്ണുത കാണിയ്ക്കുകയല്ല വേണ്ടതെന്നും ഡീൻ പറഞ്ഞു. എന്നാൽ തനിയ്ക്ക് ഏറെ പ്രിയപ്പെട്ട ആളുടെ വിമർശനങ്ങളോട് പ്രതികരിയ്ക്കാനില്ലെന്നായിരുന്നു ചടങ്ങിന് ശേഷം റോഷി അഗസ്റ്റിന്റെ പ്രതികരണം.

  Also read: ഇത് എന്ത് പ്രഹസനമാണ് ? ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയുടെ യോഗം; പങ്കെടുത്തത് 10 MPമാർ മാത്രം

  അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുമെന്നും ഇതിനായി പട്ടയമേളകൾ തുടരുമെന്നും മേള ഉദ്ഘാടനം ചെയ്ത മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റ് മൂന്നര വർഷത്തിനുള്ളിൽ നാല് പട്ടയമേളകളാണ് നടത്തിയത്. വരുന്ന മാർച്ച് മാസത്തിലും പിന്നീട് വർഷാവസാനവുമായി രണ്ട് പട്ടയമേളകൾ കൂടി നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ചെയിൻ മേഖലകളിലെ നാലായിരത്തോളം പേർക്ക് പട്ടയം നല്കാനുള്ള ശ്രമം നടന്നു വരുന്നു. കുറ്റിയാർവാലിയിലെ ഭൂപ്രശ്നം പരിഹരിച്ചു വരുന്നു. അർഹരായവരിൽ ആദ്യത്തെ 500 പേർക്ക് ഭൂമി നല്കി കഴിഞ്ഞു. ഇനി 1500 ഓളം പേർക്കുള്ള ഭൂമി വിതരണ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  പട്ടയ വിതരണത്തിനായി അഹോരാത്രം പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കോഴിമല സെറ്റിൽമെന്റ് കോളനിയിലെ രാജപ്പൻ വാഴേപ്പറമ്പിലിന് വനവിഭവ ശേഖരണ അവകാശരേഖ കൈമാറിക്കൊണ്ട് മന്ത്രി. ഇ ചന്ദ്രശേഖരൻ പട്ടയവിതരണം ഉദ്ഘാടനം ചെയ്തു. പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി വിട്ടു നല്കിയ സുമനസുകളെ മന്ത്രി വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വൈദുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു. 10 ചെയിൻ മേഖലകളിൽ പൂർണ്ണമായും പട്ടയം നല്കുന്നതിന് വൈദ്യുതി ബോർഡിന് തടസമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി.റോഷി അഗസ്റ്റിന്‍ എം എല്‍.എ  സ്വാഗതവും  പറഞ്ഞു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോർട്ടവതരിപ്പിച്ചു.

  ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നാലാമത് പട്ടയമേളയാണിത്. ജില്ലയിലെ 11 റവന്യു ഓഫീസുകളില്‍ നിന്നായി 8101 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് പട്ടയമേളകളിൽ വിതരണം ചെയ്ത പട്ടയവും കൂടി ചേർത്ത് 28520 പട്ടയങ്ങളാണ് ഇതുവരെ ജില്ലയിൽ വിതരണം ചെയ്തതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ടിൽ പറഞ്ഞു. ഏഴല്ലൂർ, കൊലുമ്പൻ കോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉൾപ്പെടെ 18 കോളനികളില്‍ താമസിക്കുന്ന 1500 ഓളം പേർക്ക് പട്ടയം ലഭ്യമായി. പട്ടയത്തിനൊപ്പം വസ്തുവിന്റെ സ്‌കെച്ചും കൂടി വിതരണം ചെയ്തതാണ് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകത. പട്ടയ വിതരണത്തിന് 32 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. തുടർന്ന് ആദിവാസി ഗോത്രകലാരൂപമായ മന്നാൻ കൂത്ത് കോഴിമല കോളനിയിൽ നിന്നെത്തിയ കലാകാരൻമാർ അവതരിപ്പിച്ചു.
  Published by:user_49
  First published:
  )}