നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം; കണ്ണൂരില്‍ ടൂറിസം സര്‍ക്യൂട്ട് വരുന്നു

  വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം; കണ്ണൂരില്‍ ടൂറിസം സര്‍ക്യൂട്ട് വരുന്നു

  പൈതല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടും സംയോജിപ്പിച്ചുകൊണ്ടുള്ള സര്‍ക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്

  Image Facebook

  Image Facebook

  • Share this:
   കണ്ണൂര്‍: ഉത്തര മലബാറിലെ പ്രധാന ടൂറിസം സര്‍ക്യൂട്ടായി പൈതല്‍മലയും പാലക്കയംത്തട്ടും വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാലക്കയംതട്ടിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍മലയില്‍ കോവിഡിന് മുന്‍പ് പ്രതിമാസം അന്‍പതിനായിരത്തോളം വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയിരുന്നത്.

   പൈതല്‍മലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടും പ്രധാന ടൂറിസം കേന്ദ്രം ആണ്. ഈ രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സര്‍ക്യൂട്ടാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

   പൈതല്‍മല പ്രധാന ട്രക്കിംഗ് കേന്ദ്രമാണ്. മലയുടെ താഴ്വാരത്തില്‍ ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഏഴരക്കുണ്ടില്‍ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ഒരു പദ്ധതി നിലവില്‍ ഉണ്ട്. പൈതല്‍മലയിലേക്ക് കയറിപ്പോകുന്ന സ്ഥലത്ത് വിനോദ സഞ്ചാര വകുപ്പിന്റെ ഒരു റിസോര്‍ട്ടും നിലവില്‍ ഉണ്ട്. എന്നാല്‍ പൈതല്‍മല വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാല്‍ വിനോദ സഞ്ചാര വകുപ്പിന്റെ തനതായ പദ്ധതികള്‍ ഒന്നും തന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.

   Also Read-തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസ്; സെപ്റ്റംബര്‍ ആദ്യം സര്‍വീസ് ആരംഭിക്കും

   വനംവകുപ്പ് വിനോദ സഞ്ചാര വകുപ്പിന് നിയന്ത്രിതാനുമതിയായി സ്ഥലം വിട്ടു നല്‍കി പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി പദ്ധതി രൂപീകരിക്കണമെന്ന് അഭ്യര്‍ത്ഥന വയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ജോണ്‍ ബ്രിട്ടാസിന്റെ മുന്‍കൈയില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിചേര്‍ത്തു. മരങ്ങള്‍ക്ക് മുകളിലൂടെ നടന്ന് പോകുന്ന അനുഭവം ഉണ്ടാക്കാന്‍ കഴിയുന്ന ട്രക്കിംഗ് പാത്ത് വേകള്‍, റോപ്പ് വേ, ടി ഹട്ടുകള്‍, ടെന്റുകള്‍, വാച്ച് ടവര്‍, വി.വി.ഐ.പി മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയാണ് പൈതല്‍മലയില്‍ പ്രാഥമികമായി ആലോചിക്കുന്ന സൗകര്യങ്ങള്‍.


   പാലക്കയം തട്ടിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കാല ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി റൈന്‍ ഹട്ടുകള്‍, കേബിള്‍ കാര്‍ പദ്ധതി, വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഹട്ടുകള്‍, ടവറുകള്‍ തുടങ്ങിയവയാണ് പാലക്കയം തട്ടില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതി ശുദ്ധജല ലഭ്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സുരക്ഷാ വേലികള്‍ സ്ഥാപിക്കുക, ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, സോളാര്‍ സംവിധാനം സ്ഥാപിക്കുക എന്നിങ്ങനെയുള്ള അനുബന്ധ ജോലികളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.

   സര്‍ക്ക്യൂട്ട് പൂര്‍ത്തിയാകുമ്പോള്‍ ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി പൈതല്‍മലയും പാലക്കയം തട്ടും മാറും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരുമണിക്കൂര്‍ യാത്ര മാത്രമേ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതുകൊണ്ട് ആഭ്യന്തര - വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഇവയെ മാറ്റിയെടുക്കാന്‍ കഴിയും എന്ന് മന്ത്രി പറഞ്ഞു.
   Published by:Jayesh Krishnan
   First published: