കൊച്ചി : ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഉണർവേകാൻ ആലുവ -മൂന്നാർ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർ നടപടികൾ വേഗത്തിലാക്കും. രാജപാത തുറന്നാൽ കോതമംഗലത്ത് നിന്നും മൂന്നാർ വരെ 60 കിലോമീറ്റർ മാത്രം. റോഡ് പുനസ്ഥാപിച്ചാല്‍ ആലുവ - മൂന്നാർ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച ആലുവ - മൂന്നാർ രാജപാത ആലുവയിൽ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോൾനട, കുഞ്ചിയാറ്, കരിന്തിരി പെരുമ്പൻകുത്ത്, മാങ്കുളം വഴി മൂന്നാറിൽ എത്തുന്നതായിരുന്നു.
മൂന്നാറിലേക്കുള്ള യാത്രയിൽ കൊടും വളവുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത റോഡ് 1924 ലെ വെള്ളപ്പൊക്കത്തിൽ കരിംതിരി മലയിടിഞ്ഞ് റോഡ് ഭാഗികമായി തകരുകയായിരുന്നു. അടുത്ത കാലം വരെ കുറത്തിക്കുടി,മേട്നാ പാറ,ഞണ്ടുകളം പ്രദേശങ്ങളിലെ ആളുകൾ വാഹന ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന റോഡ് കുറച്ച് നാളുകളായി വനം വകുപ്പ് അധികൃതർ പൂയംകുട്ടിക്ക് സമീപം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ്.
വനം വകുപ്പുമായി ചർച്ച ചെയ്ത് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവിതാംകൂർ രാജാവിന്റെ അനുമതിയോടെ 1857-ൽ സർ ജോണ്‍ ദാനിയേൽ മണ്‍റോ എന്ന ഇംഗ്ലീഷുകാരനാണ് ഈ പാത നിർമിച്ചത്. ബ്രിട്ടീഷ് സാങ്കേതികവിദ്യയിലാണ് രാജപാതയിലെ കലുങ്കുകളും പാലങ്ങളും ഒരുക്കിയിരിക്കുന്നത്. നിലവിൽ ഈ റോഡിലൂടെയുള്ള യാത്ര പൂയംകുട്ടിവരെമാത്രം. രാജപാത തുറക്കുന്നതോടെ ടൂറിസം രംഗത്ത് മാത്രമല്ല കുട്ടമ്പുഴ,മാങ്കുളം പഞ്ചായത്തുകളോടൊപ്പം കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലേയും അടക്കം ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് വലിയ പ്രയോജനം ലഭിക്കും.
Also Read-ജംബോറാങ്ക് പട്ടികകള്‍ പി എസ് സി ഒഴിവാക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക തയാറാക്കും; മുഖ്യമന്ത്രിആലുവയിൽ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പൻകുത്ത് വരെ എത്തിച്ചേരുന്ന ആലുവ മൂന്നാർ റോഡ് (പഴയ രാജപാത) ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. എന്നാൽ പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെയുള്ള ഇടുക്കി ജില്ലയിലെ ഭാഗം നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതല്ല. തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ചു വരുന്നു. ആദ്യഭാഗത്ത് (കോതമംഗലം - ചേലാട് ) ബിസി ഓവർ ലേ ചെയ്യുന്നതിന് വർക്ക് നടത്തിയിരുന്നെങ്കിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ പണികൾ തുടങ്ങാൻ കഴിഞ്ഞില്ല.പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യുവാനുള്ള ദൂരം കുറഞ്ഞ പാതയായിരുന്നു.
Also Read-സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം; ഹെല്‍പ് ഡെസ്‌കുമായി പ്രതിപക്ഷനേതാവ്ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ഈ പാതയിൽ പെരുമ്പൻകുത്തിനും പൂയംകുട്ടിക്കും ഇടയിൽ മലയിടിഞ്ഞതോടെ പൂയംകുട്ടി മുതലുള്ള റോഡ് വനം വകുപ്പ് അടച്ചിരിക്കുകയാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ അനുവദിക്കണമന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ വനം വകുപ്പിന്റെ കോടനാട്,കോതമംഗലം,മൂന്നാർ ഡിവിഷൻ ഓഫീസുകളിലേക്ക് അപേക്ഷ നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വനം വകുപ്പുമായി കൂടി ചർച്ച ചെയ്ത് തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.