• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാർ, അവരെ കേന്ദ്രത്തിന് ഭയം'; മന്ത്രി മുഹമ്മദ് റിയാസ്

'ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാർ, അവരെ കേന്ദ്രത്തിന് ഭയം'; മന്ത്രി മുഹമ്മദ് റിയാസ്

''പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അതോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല''

  • Last Updated :
  • Share this:
    തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്രവും ചെയ്യണം. എന്തിനാണ് കേന്ദ്രം കരാറുകാരെ ഭയക്കുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ദേശീയപാതയിലെ പ്രശ്‌നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ച് വെക്കന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

    അങ്കമാലിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ദേശീയപാത അതോറിറ്റിയും കരാറുകാരനും പ്രതിയാവും.

    മന്ത്രിയുടെ വാക്കുകൾ -

    ഏതു വകുപ്പിന്റെ റോഡായാലും ഏത് സർക്കാരിന്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല. കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും എൻ.എച്ച്.എ.ഐ ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും ആ തരത്തിലുള്ളതാണ്.

    ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല. ഫിഷറീസ് വകുപ്പിന്റെ റോഡിൽ പ്രശ്നമുണ്ടായാൽ അത് ദേശീയപാതാ അതോറിറ്റി വകുപ്പ് വന്ന് നന്നാക്കില്ല, തദ്ദേശസ്വയംഭരണവകുപ്പിന്റെ റോഡ് കേടായാൽ അവിടെ പൊതുമരാമത്ത് വകുപ്പും ഇടപെടില്ല. ഒരോ വകുപ്പിന്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്.

    പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അതോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല. വ്യക്തമായ ഭരണഘടനാ സംവിധാനങ്ങൾ ഒരു രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ തന്നെയാണ്ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.

    കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ എത്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്തവരുടെ പട്ടികയെടുത്താൽ ഒരു സംസ്ഥാന സമ്മേളനം വിളിക്കാനുള്ള ആളെ കിട്ടും. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയ പാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല. എറണാകുളം - തൃശ്ശൂർ പാതയിലെ റോഡുകൾ, ആലപ്പുഴയിൽ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ഞങ്ങൾ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണ്. ഇവിടെയെല്ലാം കരാറുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരുകൾ ബോർഡിൽ എഴുതി വയ്ക്കാൻ ദേശീയ പാതാ അതോറിറ്റി തയ്യാറാവണം. ജനം അറിയട്ടെ റോഡിലൊരു കുഴി വന്നാൽ ആരാണ് അത് അടയ്ക്കേണ്ടത്.

    അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. പറവൂര്‍ സ്വദേശി ഹാഷിം ആണ് മരിച്ചത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.

    റോഡില്‍ മാസങ്ങളായി കുഴി മൂടാത്ത അവസ്ഥയിലാണുള്ളത്. നിരവധിയാളുകളാണ് ഈപ്രദേശത്ത് കൂടി ഇരുചക്രവാഹനത്തില്‍ യാത്രചെയ്യവേ അപകടത്തില്‍പ്പെട്ടത്. കൃത്യമായി കുഴികളടയ്ക്കാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.
    Published by:Rajesh V
    First published: