• HOME
 • »
 • NEWS
 • »
 • kerala
 • »
 • MV Govindan| കോഴിക്കോട് ആവിക്കൽതോട് സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan| കോഴിക്കോട് ആവിക്കൽതോട് സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

സമരക്കാരെ തീവ്രവാദികളും അർബൻ നക്സലൈറ്റുകളുമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ്

 • Share this:
  തിരുവനന്തപുരം: ആവിക്കൽത്തോട്  സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന്  മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം നടപ്പാക്കിയ പദ്ധതിക്കെതിരെ സമരമുണ്ടായത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവരെ തീവ്രവാദികളും അർബൻ നക്സലേറ്റുകളുമായി ചിത്രീകരിക്കുന്ന ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി നിർത്തിവച്ച് ചർച്ചയിലൂടെ മറ്റൊരു സ്ഥലം തെരഞ്ഞെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

  ആവിക്കൽത്തോട്  മാലിന്യ പ്ലാന്റിനെതിരെ നടന്ന സമരവും പൊലീസ് നടപടികളുമാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് ആയി നൽകിയത്. ആവിക്കൽത്തോട് മാലിന്യ പ്ലാന്റ് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ്. ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം.വി ഗോവിന്റെ മറുപടി. സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്നും മന്ത്രി ആരോപിച്ചു. ‌

  സമരത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. സമവായത്തിനു ശേഷം പ്രശ്നമുണ്ടായെങ്കിൽ അതിനു തീവ്രവാദ പിന്തുണ വേണം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ സമരത്തിന് ഉണ്ടായിരുന്നില്ല. പദ്ധതി ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതാകും. പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കില്ല.
  Also Read-'ഇന്ത്യന്‍ ഭരണഘടന എഴുതിയത് ജനങ്ങളെ കൊള്ളയടിക്കാന്‍' ; വിവാദപരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

  നവകേരളത്തിന്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മാലിന്യ സംസ്കരണം കടുത്ത വെല്ലുവിളിയാണ്. പദ്ധതി 2023 മാർച്ച് 31 നു മുൻപ് പൂർത്തിയാക്കും.ഇല്ലെങ്കിൽ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം അനുവദിച്ച തുക നഷ്ടമാകും. പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുണ്ട്. ജനങ്ങളെ മുഖവിലയ്ക്കെടുത്ത് പദ്ധതി നടപ്പാക്കുംഎല്ലാവരുടെയും പരിപൂർണ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

  സമരം ചെയ്യുന്നവരെ അർബൻ നക്സലൈറ്റുകളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തണ്ണീർത്തടം നികത്തിയും ലോറി പാർക്കിംഗ് കേന്ദ്രമെന്നു തെറ്റിദ്ധരിപ്പിച്ചുമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാലിന്യ സംസ്കരണത്തിന് സർക്കാരിന് പൂർണ പിന്തുണയുണ്ട്. എന്നാൽ ആവിക്കൽ തോട്ടിൽ കോർപ്പറേഷന് സ്ഥലമുണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ നടപ്പാക്കണമോ.

  ഇതുപോലൊരു പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സ്ഥലമാണത്. ആയിരക്കണക്കിന് ആളുകൾ തിങ്ങി താമസിക്കുന്നയിടമാണ്. വിളപ്പിൽശാല അടക്കമുള്ള പാഠങ്ങൾ നമ്മുടെ മുന്നിലുണ്ട്. നഗരത്തിന്റെ വിഴുപ്പും മാലിന്യവും കൊണ്ട് തള്ളേണ്ട ഇടമാണോ ഗ്രാമങ്ങളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇതിനു മാത്രം തീവ്രവാദികൾ കേരളത്തിൽ എവിടെ എന്നായിരുന്നു എം.കെ.മുനീറിന്റെ ചോദ്യം.

  സമരക്കാരെ തീവ്രവാദികൾ എന്നു പറയുന്നു. കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്നു പറയാൻ മുഖ്യമന്ത്രിക്കു ലജ്ജയില്ലേ.  ഇത്രയധികം തീവ്രവാദികൾ എവിടെയാണ്. ഏതു പാർട്ടിയാണ് പദ്ധതിക്ക് അനുകൂലം. സിപിഎമ്മുകാർ പോലും പാർട്ടി മാറുന്നു. സംസ്ഥാന തലത്തിൽ ചർച്ച നടത്തി മറ്റൊരു സ്ഥലത്തേക്ക് പദ്ധതി മാറ്റണം. ജനങ്ങളുടെ നെഞ്ചത്തു കയറി പദ്ധതി നടപ്പാക്കാമെന്ന് കരുതണ്ടെന്നും മുനീർ പറഞ്ഞു.

  സർവകക്ഷി യോഗവും നഗരസഭാ കൗൺസിലും ഏകകണ്ഠമായി അനുമതി നൽകിയ പദ്ധതിക്കെതിരേ പ്രചരണം നടത്തിയത് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ആണെന്ന് സ്ഥലം എം എൽ എ തോട്ടത്തിൽ രവീന്ദ്രനും പറഞ്ഞു.  സർവകക്ഷി യോഗം വിളിച്ച് ആർക്കും പ്രശ്നമില്ലാത്ത മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
  Published by:Naseeba TC
  First published: