തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തിരമായി തീരേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കുതിരാൻ തുരങ്കത്തിൽ നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണ്. 24 മണിക്കൂറും നിര്‍മ്മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. ജില്ലാ കളക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും'- മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, അസി. കളക്ടര്‍ സൂഫിയാന് അഹമ്മദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കോഴിക്കോട് ബൈപ്പാസ്: കരാര്‍ കമ്പനിയുടെ അനാസ്ഥയ്ക്ക് എതിരെ അന്ത്യശാസനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
ബൈപ്പാസ് നിർമ്മാണത്തിൽ കരാർ കമ്പനിക്കെതിരെ അന്ത്യശാസനം നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപാസ് ആറുവരി പാത വികസനം മുടങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടിയന്തര യോഗം വിളിച്ച് ചേർത്തത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിപാതയായി വികസിപ്പിക്കുന്നതിന് 2018 ഏപ്രിലിൽ കരാർ ഉറപ്പിച്ചിട്ടും പദ്ധതിയുടെ നിർമ്മാണം ഇനിയും തുടങ്ങാത്തതിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
കരാറുകാർക്ക് പല തവണ കത്ത് നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചില്ലെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. കരാർ ഏറ്റെടുത്ത കെ. എം. സി കൺസ്ട്രക്ഷൻ കത്തിന് മറുപടി പോലും നൽകാൻ കൂട്ടാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read-
വനം കൊള്ള: വിവാദ ഉത്തരവ് റവന്യൂ മന്ത്രിയുടെ അറിവോടെ; നിയമവകുപ്പിന്റെ അനുമതി നേടാതെയെന്ന് ഫയലുകൾ
കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലില്‍ കരാർ ഉറപ്പിച്ച ഏഴു മേല്പാലങ്ങള് ഉള്‍പ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വർഷമായിരുന്നു കരാര്‍ കാലാവധി. 2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല. കെ. എം. സി കണ്സ്ട്രഷന് കമ്പനിയാണ് കരാറുകാർ.
മഴക്കാലത്ത് ദേശീയപാതയിൽ കുഴികൾ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്നം പരിഹരിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.