• HOME
 • »
 • NEWS
 • »
 • kerala
 • »
 • മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; കുഴിയിൽ ചാടാൻ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി റിയാസ്

മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; കുഴിയിൽ ചാടാൻ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി റിയാസ്

കാസർകോട് പള്ളിക്കരയിൽ ബി ആർ ഡി‌ സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ പ്രസംഗവും മന്ത്രിയുടെ മറുപടിയും

 • Share this:
  കാസർകോട്: മന്ത്രിമാരെ വഷളാക്കുന്നത് കുറേ അവതാരങ്ങളാണെന്ന് പൊതുവേദിയിൽ വെച്ച് വിമർശനം ഉന്നയിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം പിക്ക് അതേവേദിയിൽ മറുപടി നൽകി പൊതുമരാമത്ത് മന്ത്രി പി എ‌ മുഹമ്മദ് റിയാസ്. രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചുകൊണ്ടിരിക്കെ ആണ് മന്ത്രി എം പിയ്ക്ക് മറുപടി നൽകിയത്. കാസർകോട് പള്ളിക്കരയിൽ ബി ആർ ഡി‌ സിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയായിരുന്നു ഉണ്ണിത്താന്റെ പ്രസംഗവും മന്ത്രിയുടെ മറുപടിയും.

  യോഗത്തിൽ മന്ത്രി വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം പി സംസാരിച്ചത്. 10 മണിക്ക് എത്തുമെന്ന് പറഞ്ഞ മന്ത്രി 12 മണിക്ക് എത്തിയെന്നും ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നുമായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്.

  "മാനത്തെ തൊട്ടു കളിച്ചാൽ ആരാണെങ്കിലും വെറുതെ വിടില്ല. അതിൽ യാതൊരു തർക്കവുമില്ല. മന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാ പോലും ഞാനതൊന്നും മൈൻഡ് ചെയ്യില്ല. അത്തരം ആളുകളെ വെച്ച് കേരളത്തിൽ ഭരണം നടത്തിയാൽ മന്ത്രിയുടെ പേര് ചീത്തയാകും എന്നല്ലാതെ മന്ത്രിയെ നല്ല രീതിയിൽ കൊണ്ടു വരേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. എല്ലാവരുടെയും പിന്തുണ മന്ത്രിക്ക് വാങ്ങിച്ചു കൊടുക്കാതെ ഓരോരുത്തരെ പിണക്കി പിണക്കി ശത്രുക്കളെ ഉണ്ടാക്കി പേരുദോഷം കൊടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെങ്കിൽ...." ഇത് പറഞ്ഞതോടെ മന്ത്രി ഇടപെട്ടു. ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്നാൽ ഉണ്ണിത്താൻ പ്രസംഗം തുടർന്നു. ജി സുധാകരൻ മന്ത്രിയായിരുന്നപ്പോഴുള്ള ഒരു സംഭവം വിവരിച്ചു. അദ്ദേഹം ഉടൻ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടിയേയും പ്രശംസിച്ചു.  "ഓരോ ഭരണം വരുമ്പോഴും കുറേ അവതാരങ്ങൾ വരും, മന്ത്രിമാരെ വഷളാക്കാൻ. മന്ത്രിമാരൊക്കെ അവരുടെ ജോലി ചെയ്യുമ്പോൾ അവരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായി എത്തുന്ന ഉദ്യോഗസ്ഥരാണ്. അവർക്ക് ഒരു അവതാര ലക്ഷ്യമുണ്ട്. അത് പൂർത്തിയാക്കുമ്പോൾ അടുത്തഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ ഒരു സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ, പ്രതിയെ വാദിയാക്കണോ എന്തിനും അവർ തയ്യാറാണ്. അതുകൊണ്ട് "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം" എന്ന് പറഞ്ഞ് ആളുകളെ സ്തുതിപ്പിക്കുന്ന, സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

  Also Read- 'ശശി തരൂർ നെഹ്‌റുവിയൻ പിന്തുടർച്ച, ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർ പിന്തുണയ്ക്കാത്തതെന്ത്?' ജോയ് മാത്യു

  എന്നാൽ 12 മണിക്കാണ് അവിടെ എത്തുക എന്ന വിവരം നേരത്തെ തന്നെ അവരോട് പറഞ്ഞതാണ് എന്ന് മന്ത്രി പ്രസംഗത്തിനിടയിൽ വെച്ച് വേദിയിൽ നിന്ന് തന്നെ തിരുത്തി. ഒരു മണിക്കൂറിലധികം അവിടെ കാത്തിരുന്നുവെന്നും ഉണ്ണിത്താൻ. എന്നാൽ ഇത് പറഞ്ഞ ഉടൻ മന്ത്രി ഇടപെടുകയും ഒരുകാര്യം പറയാനുണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്നെ പറയൂ എന്ന് പറഞ്ഞ് ഉണ്ണിത്താൻ മൈക്ക് മന്ത്രിക്ക് കൈമാറി. തുടർന്ന് മന്ത്രി ഇപ്രകാരം പറഞ്ഞു; "ഇദ്ദേഹം പറഞ്ഞതൊക്കെ ശരിയാണ്. ഈ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുള്ളുകയോ അവരുടെ കുഴിയിൽ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ എന്ന കാര്യം മനസ്സിലാക്കേണ്ടത് നല്ലതാണ്" മറുപടി കേട്ടതോടെ സദസ്സിൽ ഒരുപോലെ ചിരിപടർത്തി.

  "അങ്ങനെ ഇടതുപക്ഷ മുന്നണിയിലെ എല്ലാ മന്ത്രിമാരും അങ്ങനെയെന്ന് പറയണ്ട. റിയാസ് മാത്രം അങ്ങനെയാണ് എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കാം. ഇടതുപക്ഷ മുന്നണിയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും ഒരു മന്ത്രിക്ക് എങ്ങനെയാണ് അഭിപ്രായം പറയാനാകുന്നത്‌. റിയാസ് റിയാസിന്റെ കാര്യം പറഞ്ഞാൽ ഞാൻ അംഗീകരിക്കുന്നു, ശരിവെക്കുന്നു" എന്നു പറഞ്ഞ് ഉണ്ണിത്താൻ കാസർകോടിലെ ടൂറിസ സാധ്യതകളെക്കുറിച്ച് സംസാരം തുടരുകയായിരുന്നു.
  Published by:Rajesh V
  First published: