• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു; ഗവർണർ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു; ഗവർണർ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയതായി സ്ഥിരീകരണം

  • Share this:
    തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.

    ചാൻസലറെ മാറ്റുന്ന കാര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. നാടിന്റെ വികസനം ഗവർണർ തടസപ്പെടുത്തുന്നു. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രതിപക്ഷത്തേക്കാൾ ശക്തമായി സർക്കാരിനെ എതിർക്കുന്നത് ഗവർണറാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നുവെന്നും പറഞ്ഞ ശിവൻകുട്ടി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലറായി നിയമിക്കുമെന്നും വ്യക്തമാക്കി.

    സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയെന്ന് സ്ഥിരീകരിച്ചു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകള്‍ക്ക് ഇതോടെ ഉത്തരമായി. തന്നെ ബാധിക്കുന്നത് ആയതിനാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

    ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്താന്‍ വൈകുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചാലും നിയമനിർമാണവുമായി പിന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും നിയമസഭ വിളിച്ചുചേര്‍ത്ത് ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പ് അറിയിക്കുന്നത്.

    Also Read- ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് കോപ്പി രാജ‍്‍ഭവനിലെത്താൻ വൈകിയതെന്ത്?

    ഓര്‍ഡിനന്‍സില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന്‍ സ്ഥിരീകരിച്ചെങ്കിലും ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തില്ല. ചീഫ് സെക്രട്ടറി വി പി ജോയിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹം തിരുവല്ലയിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ നിന്നും നെടുമ്പാശ്ശേരി വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകും. ഈ മാസം 20ന് മാത്രമേ അദ്ദേഹം ഇനി സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. ഇത്രയും ദിവസം ഓര്‍ഡിനന്‍സിന്മേല്‍ തീരുമാനം എടുക്കാതിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അത്തരത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കാതിരുന്നാല്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നതില്‍ സര്‍ക്കാരിന് തടസങ്ങളില്ല. എന്നാല്‍ ഇതിനിടയില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ സഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ തടസമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
    Published by:Rajesh V
    First published: