തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 അന്തര്‍സര്‍വ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ ഡോ. താണു പത്മനാഭന്റെ പേരില്‍ കേരള സര്‍വ്വകലാശാലയില്‍ സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സിസ്റ്റവും ലൈബ്രറിയിലെ ഡിജിറ്റല്‍ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സര്‍വ്വകലാശാലയിലെ അന്തര്‍സര്‍വ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനംചെയ്യുന്നത്. ലോകത്തെ മറ്റു മാതൃകകളില്‍നിന്നും വ്യത്യസ്തമായ വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കാനാണ് കേരളത്തിന്റെ ഒരുക്കം. വിവിധ മേഖലകളില്‍ ആര്‍ജ്ജിച്ച നേട്ടങ്ങളുടെ മുന്നോട്ടുപോക്കാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പാക്കുന്ന നവകേരള പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ അതിന്റെ ഭാഗമാണ്. കേരളത്തിന്റെ വ്യതിരിക്തമായ അനുഭവങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഗവേഷണത്തിനാണ് അവസരമൊരുക്കുന്നത്.
ഗവേഷണതാത്പര്യമുള്ളവര്‍ക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്ക് പിന്നില്‍. കേരളത്തിന് പുറത്തുനിന്നുള്ളവരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഗവേഷണസൗകര്യങ്ങള്‍ നാം ഇവിടെ ഒരുക്കാന്‍ പോവുകയാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ 'ബ്രെയിന്‍ ഡ്രെയിന്‍' അവസാനിപ്പിച്ച് കേരളത്തിനവരുടെ 'ബ്രെയിന്‍ ഗെയിന്‍' നാം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.