• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan | സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാൻ

Saji Cheriyan | സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാൻ

കേരളത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്

സജി ചെറിയാൻ

സജി ചെറിയാൻ

  • Share this:
    തിരുവനന്തപുരം:കൊച്ചിയില്‍(KOCHI) ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ്(joju george) പരസ്യമായി പ്രതികരിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ സിനിമാ ഷൂട്ടിംഗ് സെറ്റുകളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെതിരെയാണ് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

    കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

    ജോജു ജോര്‍ജ് ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ആക്രമണപാത സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിനു ശേഷം നിലതെറ്റിയ കോണ്‍ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴില്‍ മേഖലയോടുമുള്ള കലാപ പ്രഖ്യാപനം നടത്തുകയാണ്.

    യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരണം തുടരുന്ന കടുവ എന്ന സിനിമയുടെയും കോലഞ്ചേരിയില്‍ ചിത്രീകരണം പുരോഗമിച്ചു വരുന്ന കീടം എന്ന സിനിമയുടെയും ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി. കേരളത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത് പൂര്‍ണമായും നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സിനിമാഷൂട്ടിംഗ് സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തടസപ്പെടുത്തുന്നതിനെ കാഞ്ഞിരപ്പള്ളിയിലെയും കോലഞ്ചേരിയിലെയും പോലെയുള്ള സാമൂഹികവിരുദ്ധ നടപടികള്‍ വഴിയൊരുക്കും.

    സംസ്ഥാനത്തിന്റെ പൊതുപ്രതിച്ഛായയേയും ദോഷകരമായി ബാധിക്കുന്ന വിഷയമാണിത്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സിനിമാമേഖലയില്‍ ഉള്‍പ്പെടെ സുരക്ഷിത തൊഴില്‍ സാഹചര്യവും പ്രവര്‍ത്തനാന്തരീക്ഷവും സര്‍ക്കാര്‍ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്നും മന്ത്രി സജി ചെറിയാന്‍ അഭ്യര്‍ഥിച്ചു.
    Published by:Jayashankar Av
    First published: