തിരുവനനന്തപുരം: മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ (SFI) മുന്‍ നേതാവ് അനുപമയുടെ (Anupama) പരാതിയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ(Saji Cheriyan).
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡി. വൈ. എഫ്. ഐ നേതാവായിരുന്ന അജിത്തിനെതിരെയാണ് മന്ത്രിയുടെ പരാമർശങ്ങൾ. "കല്യാണം കഴിച്ച് രണ്ടും മൂന്ന് കുട്ടികൾ ഉണ്ടാകുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക."-മന്ത്രിയുടെ പരാമർശങ്ങൾ ഇങ്ങനെ.
അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിൽ തങ്ങൾ എതിരല്ല, പക്ഷേ, അനുപമയുടെ അച്ഛന്റേയും അമ്മയുടേയും മനോനില കൂടി മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
തനിക്കും മൂന്ന് പെൺകുട്ടികളാണ്. അതുകൊണ്ട് പറയുകയാണ്, പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Also Read-'ഇതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'; ചിത്രം സഹിതമുള്ള ജീവചരിത്രം പുറത്തിറക്കി റമീസ് മുഹമ്മദ്
ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി. അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കൊണ്ടുപോയത് ആന്ധ്രയിലേയ്ക്കാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയത്. സി പി എം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഡി. വൈ. എഫ്. ഐ നേതാവായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടർന്നാണ് അനുപമ ഗർഭിണിയായത്. അജിത്ത് വിവാഹിതനായതിനാൽ വീട്ടുകാർ ബന്ധം എതിർത്തു. പ്രസവിച്ച് മൂന്നാം ദിവസം സംരക്ഷിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടിയില്ലെന്നാണ് അനുപമയുടെ പരാതി. അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നുണ്ട്.
അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി. ഡബ്ള്യു. സി ചെയർപേഴ്സൻറെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Baby, Kerala Women Commission, Minister Saji Cheriyan, Missing