ആലപ്പുഴ: കടൽക്ഷോഭമുണ്ടാകുന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്നും മോശ ചെയ്തതു പോലെ വടി കൊണ്ട് അടിച്ചു കടലിനെ ഇറക്കിവിടാനൊന്നും കഴിയില്ലെന്നും മന്ത്രി സജി ചെറിയാൻ. ‘കടൽ കയറുകയാണ്. അതിന് ഭരണാധികാരികളെ ചീത്തവിളിച്ചിട്ടൊന്നും പരിഹാരമില്ല. തീരത്തു താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റുക മാത്രമേ ചെയ്യാനുള്ളൂ. അതിനുവേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.തീരദേശത്തു കടൽക്ഷോഭം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരമാവധി പരിഹാരം കാണുമെന്നും’ സജി ചെറിയാൻ പറഞ്ഞു.
കടൽക്ഷോഭം മൂലം മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരാമർശിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ വാക്കുകൾ. മോശ വടി കൊണ്ട് അടിച്ചപ്പോൾ ഇസ്രയേലിൽ ജനത്തിനു മുന്നിൽ കടൽ മാറിയതായി ബൈബിളിൽ പറയുന്നുണ്ട്. ഇതാണു മന്ത്രി സൂചിപ്പിച്ചത്.
അതേസമയം, ഭരണഘടനയെ താൻ വിമർശിച്ചിട്ടില്ലെന്നും കുന്തവും കുടച്ചക്രവുമൊക്കെ നാട്ടിൽ സാധാരണ പറയുന്ന വാക്കുകളാണെന്നും മന്ത്രി സജി ചെറിയാൻ. ‘‘കുന്തം നമ്മൾ പുന്നപ്ര വയലാറിൽ ഉപയോഗിച്ചതാണ്. കുടച്ചക്രം കറക്കുന്ന സാധനം. ഭരണഘടനയെപ്പറ്റി ഞാൻ പറഞ്ഞത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ മാപ്പു ചോദിക്കുന്നു. കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം, തിരുത്താം’’– ചെങ്ങന്നൂരിൽ സ്വീകരണ യോഗത്തിൽ സജി വിവാദ പ്രസംഗത്തെക്കുറിച്ചു വിശദീകരിച്ചു.
എങ്ങനെ പ്രസംഗിക്കണം എന്നു തനിക്കു നന്നായി അറിയാമെന്നും കോളജിൽ പഠിക്കുന്ന കാലത്തു പ്രസംഗത്തിനു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. വിവാദമായ 57 മിനിറ്റ് പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചിട്ടില്ല. ഭരണഘടനയെ മുന്നിൽ നിർത്തി ഭരണകൂടം ചൂഷണം നടത്തുന്നു എന്നാണ് പറഞ്ഞത്. കരിദിനാചരണത്തിന് കോൺഗ്രസുകാരന്റെ നെഞ്ചത്തു ഫോട്ടോ പതിക്കാൻ ഭാഗ്യം ലഭിച്ച കമ്യൂണിസ്റ്റുകാരനാണ് താനെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.