തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി (Kerala Sangeetha Nataka Academy) ചെയർമാനായി ഗായകൻ എം ജി ശ്രീകുമാറിനെ (MG Sreekumar) നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് മന്ത്രി സജി ചെറിയാൻ (Minister Saji Cheriyan). എം ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ തീരുമാനത്തിൽനിന്ന് പിൻവലിയുമെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രസ്താവന.
എം ജി ശ്രീകുമാറിന്റെ നിയമനകാര്യത്തിൽ ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി എം ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ ഇടതുപക്ഷത്തെ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം തീരുമാനത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.
Also Read- Attack on Auto Driver | അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകര്‍ത്തു
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം ജി ശ്രീകുമാർ ബി ജെ പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി ജെ പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ് ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നത്. ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് ഇക്കാര്യം കാട്ടി ഇടതുപക്ഷാഭിമുഖ്യം പ്രകടിപ്പിക്കുന്നവർ തന്നെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർത്തിയത്. ചുവപ്പ് നരച്ചാൽ കാവിയാകുമെന്ന ക്യാപ്ഷനോടെ എം ജി ശ്രീകുമാർ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതം പങ്കുവെച്ചാണ് പലരും വിമർശനമുന്നയിച്ചത്.
തീരുമാനം പുനഃപരിശോധിക്കണമെന്നും തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കെപിഎസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിക്കാനും സിപിഎം തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ കമലിന്റെ കാലാവധി അവസാനിക്കുന്നതോടെ രഞ്ജിത്ത് സ്ഥാനമേൽക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Sangeetha Nataka Akademi, Minister Saji Cheriyan, Singer mg sreekumar