HOME /NEWS /Kerala / ഇ-മൊബിലിറ്റി : ധനവകുപ്പ് പദ്ധതിയെ എതിർത്തിരുന്നോ? വിശദീകരണവുമായി മന്ത്രി തോമസ് ഐസക്

ഇ-മൊബിലിറ്റി : ധനവകുപ്പ് പദ്ധതിയെ എതിർത്തിരുന്നോ? വിശദീകരണവുമായി മന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

'ഒരു ഫയലിലെ ഏതെങ്കിലും ഒരു പേജിന്റെ അറ്റത്തെ കുറിപ്പ് എടുത്തു വച്ചല്ല ഇത്ര വിപുലമായ ഒരു പദ്ധതി സംബന്ധിച്ച അവലോകനം നടത്തേണ്ടത് എന്നുമാത്രമേ പറയുന്നുള്ളൂ'

  • Share this:

    ഇ മൊബിലിറ്റി പദ്ധതിയെ ധനവകുപ്പ് എതിർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്ത്. 2019 ഓഗസ്റ്റിൽ പദ്ധതിയുടെ ധാരണാപത്രത്തിന്‍റെ കരട് ധനവകുപ്പിന്‍റെ പരിഗണനയ്ക്ക് വന്നിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ പദ്ധതിക്ക് പണം കണ്ടെത്തുന്നത് എങ്ങനെയെന്നും, കേന്ദ്രസർക്കാർ സഹായം ലഭിക്കുമോയെന്നും ചോദിച്ചാണ് ഫയൽ തിരിച്ചയച്ചതെന്ന് മന്ത്രി ഐസക് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പദ്ധതി വേണ്ടതില്ലായെന്നോ, ധാരണാപത്രം ഒപ്പിടേണ്ടതില്ലായെന്നോ ധനവകുപ്പ് പറഞ്ഞിട്ടില്ല. ഇത്തരം പദ്ധതികളുടെ ധനകാര്യ പരിശോധനയിൽ സാധാരണഗതിയിൽ ആരായുന്ന വിശദാംശങ്ങൾ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

    ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരു ഇ-വെഹിക്കിൾ നയം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്താകെ ഘട്ടംഘട്ടമായി പൊതുഗതാഗത സംവിധാനം ഇ-വാഹനങ്ങളിലേയ്ക്ക് പരിവർത്തിപ്പിക്കുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ പരിപാടിയാണ് ഇതു മുന്നോട്ടുവച്ചത്. 2025 ആകുമ്പോഴേയ്ക്ക് സംസ്ഥാനത്തുടനീളമായി 3000 ലധികം ഇ-വാഹനങ്ങൾ നിരത്തിലിറക്കുക എന്നതാണ് പരിപാടി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കേരളത്തിലെ ഇ-വാഹനങ്ങളുടെ നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെമ്പാടും വരും കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാന്റ് വൻതോതിൽ വർദ്ധിക്കും. ഇത് മുൻകൂട്ടിക്കണ്ട് കേരളത്തെ ഇ-വാഹനങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

    സ്വിറ്റ്സർലന്റ് വാഹന നിർമ്മാണ കമ്പനിയായ ഹെസ് (HESS) കേരളത്തിൽ മുതൽ മുടക്കുന്നതിനുള്ള താൽപ്പര്യം ഇന്ത്യൻ അംബാസിഡർ മുഖാന്തിരം അറിയിക്കുന്നു. ഒരു സംയുക്ത സംരംഭമായി ഇത് ആരംഭിക്കാമെന്ന നിർദ്ദേശമാണ് വന്നത്. ഹെസ് എന്ന സ്വിസ് കമ്പനിക്ക് കേരളത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം അറിയിച്ചൂവെന്ന് അർത്ഥം.

    കെഎസ്ആർടിസി, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് തുടങ്ങിയവയുമായി ചേർന്ന് ഒരു സംയുക്ത സംരംഭമെന്ന നിർദ്ദേശമാണ് ഉയർന്നു വന്നത്. മറ്റു മത്സരക്ഷമമായ കമ്പനികൾക്കു താൽപ്പര്യമുണ്ടോ എന്നത് അറിയാൻ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് താൽപ്പര്യ പത്രവും പുറപ്പെടുവിച്ചു. മറ്റു കമ്പനികളൊന്നും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഹെസ് കമ്പനിയുമായി സംയുക്ത സംരംഭം ഉണ്ടാക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ കരട് തയ്യാറാക്കി.

    ഈ കരട് ധാരണാ പത്രത്തിന്റെ ഉള്ളടക്കത്തിൽ പ്രധാനം ഇതാണ്: നാല് ഘട്ടങ്ങളിലായി 3020 ഇ-ബസ്സുകൾ നിരത്തിലിറക്കുകയാണ് പരിപാടി. ഹെസ്സും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് ഉണ്ടാക്കുന്ന സംയുക്ത സംരംഭമാണ് ഇ-വാഹനങ്ങൾ സർക്കാരിനു നൽകുക. ആദ്യഘട്ടം 120 ബസ്സുകൾ. ഇവ പൂർണ്ണമായും ഇറക്കുമതി ചെയ്ത ചെയ്സിസുകളിലാവും നിർമ്മിക്കുക. രണ്ടാംഘട്ടത്തിലെ 300 വാഹനങ്ങളിൽ പാതി ഇറക്കുമതിയും പാതി ഇവിടെ ഉണ്ടാക്കുന്നതുമാകും. മൂന്നാംഘട്ടത്തിൽ 800 ബസ്സുകൾ. അതിൽ 20 ശതമാനം മാത്രമാകും ഇറക്കുമതി. 80 ശതമാനവും നമ്മുടെ നാട്ടിലുണ്ടാക്കും. നാലാംഘട്ടത്തിലെ 1800 വാഹനങ്ങളിൽ 90 ശതമാനവും നമ്മുടെ നാട്ടിലുണ്ടാക്കും.

    കെഎസ്ആർടിസിയുടെ തേവരയിലുള്ള സ്ഥലത്ത് യാർഡ് ഉണ്ടാക്കി ഈ സംയുക്ത സംരംഭത്തിന്റെ ആഭിമുഖ്യത്തിലുള്ള നിർമ്മാണ സംവിധാനം ഒരുക്കാമെന്നാണ് നിർദ്ദേശിക്കപ്പെട്ടത്. ഏകദേശം ഈ രൂപത്തിലുള്ള ധാരണാപത്രത്തിന്റെ കരടാണ് ധനവകുപ്പിന്റെ പരിശോധനയ്ക്ക് വന്നത്. നാലു ഘട്ടങ്ങളിലായി 3020 ബസ്സുകൾ ഈ സംയുക്ത സംരംഭത്തിൽ നിന്നും വാങ്ങി ഗതാഗത മേഖലയിൽ വിന്യസിക്കണമല്ലോ. ഈ ബസ്സുകളുടെ വില നൽകാൻ സർക്കാരിന്റെ നിലവിലെ സ്ഥിതിയിൽ പ്രയാസമാണെന്നും അപ്പോൾ ഈ പണം എങ്ങനെയാണ് കണ്ടെത്തുക, കേന്ദ്രസർക്കാരിൽ നിന്നും ഈ പദ്ധതിക്ക് സഹായം ലഭിക്കുകമോ ഇത്തരം കാര്യങ്ങൾ ആരാഞ്ഞാണ് ധനവകുപ്പ് ഫയൽ തിരിച്ചു നൽകിയത്. 2019 ആഗസ്റ്റ് മാസത്തിലാണ് ധനവകുപ്പ് ഇത് അയച്ചത്.

    ഈ പദ്ധതി വേണ്ടതില്ലായെന്നോ, ധാരണാപത്രം ഒപ്പിടേണ്ടതില്ലായെന്നോ ധനവകുപ്പ് പറഞ്ഞിട്ടില്ല. ഇത്തരം പദ്ധതികളുടെ ധനകാര്യ പരിശോധനയിൽ സാധാരണഗതിയിൽ ആരായുന്ന വിശദാംശങ്ങൾ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. പ്രസ്തുത ധാരണാപത്രം ഇപ്പോഴും ഒപ്പു വയ്ക്കപ്പെട്ടിട്ടില്ല. അതിന്മേലുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ.

    ഇതേസമയം ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടതടക്കമുള്ള വിശദാംശങ്ങൾ കൂടുതൽ വൈദഗ്ധ്യത്തോടെ മനസ്സിലാക്കാൻ ഒരു വിശദപദ്ധതിരേഖ തയ്യാറാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയാകുന്നു. ധാരണാപത്രം ഒപ്പു വയ്ക്കാനല്ല ധാരണയായത്. ധനവകുപ്പ് സെക്രട്ടറി തന്നെ യോഗത്തിൽ പങ്കെടുത്തിരുന്നു. ആ യോഗത്തിൽ വച്ചുതന്നെ ഡിപിആർ തയ്യാറാക്കാൻ പി.ഡബ്ല്യു.സി.യെ ചുമതലപ്പെടുത്തുന്നതിൽ ധനകാര്യ വകുപ്പ് സമ്മതം അറിയിച്ചിരുന്നു. ഈ ഡിപിആർ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി നൽകുന്നതിനായി ഫയൽ വീണ്ടും ധനവകുപ്പിൽ വന്നു. ഈ യോഗത്തിൽ പങ്കെടുത്തിരുന്ന ധനവകുപ്പ് സെക്രട്ടറി എഴുതിയത് ഇങ്ങനെയാണ്:

    “FD concurs as agreed”

    യോഗത്തിൽ സമ്മതിച്ച പ്രകാരം ഡിപിആർ തയ്യാറാക്കുന്നതിനും ആയതിനു കൺസൾട്ടൻസിയെ ചുമതലപ്പെടുത്തുന്നതിനും ധനവകുപ്പ് അംഗീകരിക്കുന്നൂവെന്ന്.

    TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]

    ഇനിയാണ് വാർത്തകളുടെ കൗതുകം. ധനവകുപ്പിന്റെ എതിർപ്പിനെ മറികടന്ന് കരാർ എന്നാണ്.

    ചില വിശദാംശങ്ങൾ ആരാഞ്ഞത് ധാരണാപത്രം സംബന്ധിച്ചാണ്. അതിനെയും എതിർത്തിട്ടില്ല. ഇനി, ഈ ധാരണാപത്രം ഒപ്പുവച്ചോ? ഇല്ല. കൺസൾട്ടൻസി നിയമനത്തിലോ? ധനവകുപ്പ് അംഗീകരിക്കുകയും ചെയ്തു. ആരോപണകർത്താക്കൾ എന്താണ് ചെയ്യുന്നത്? ഈ രണ്ടു കാര്യങ്ങളെയും കൂട്ടിച്ചേർത്ത് ഒരു കഥ ചമയ്ക്കുന്നു. ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് കരാറെന്ന്. ഒരു ഫയലിലെ ഏതെങ്കിലും ഒരു പേജിന്റെ അറ്റത്തെ കുറിപ്പ് എടുത്തു വച്ചല്ല ഇത്ര വിപുലമായ ഒരു പദ്ധതി സംബന്ധിച്ച അവലോകനം നടത്തേണ്ടത് എന്നുമാത്രമേ പറയുന്നുള്ളൂ.

    First published:

    Tags: E mobility project, E Vehicle, E vehicle policy Kerala, Ksrtc, Minister thomas isaac