• HOME
 • »
 • NEWS
 • »
 • kerala
 • »
 • Thomas Isaac | 'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക്

Thomas Isaac | 'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക്

സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ ഈ പദ്ധതിയെ അട്ടിമറിച്ച് ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ട്.

തോമസ് ഐസക്

തോമസ് ഐസക്

 • Last Updated :
 • Share this:
  തിരുവനന്തപുരം: സർക്കാരിന്റ വികസനപദ്ധതികളെ അട്ടിമറിച്ചു കളയാമെന്ന വ്യാമോമൊന്നും നടക്കാൻ പോകുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. ഈ കളിയൊന്നും കേരളത്തോട് വേണ്ട. ചെലവാകില്ല. പറയുന്നത് ബിജെപിയോടാണ്. അവരുടെ ചൊൽപ്പടിയ്ക്കു നിൽക്കുന്ന അന്വേഷണ ഏജൻസികളോടും. കെ ഫോൺ, ഇ - മൊബിലിറ്റി, ടോറസ്‌ ഡൗൺ ടൗൺ തുടങ്ങി ഒരു പദ്ധതിയും ഈ സമ്മർദ്ദത്തിന്റെ ഭാഗമായി മുടങ്ങുകയില്ല എന്ന് നാടിനുറപ്പു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

  സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ ഈ പദ്ധതിയെ അട്ടിമറിച്ച് ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ ഫോണിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും അതിന്റെ വസ്തുതകളും ധനമന്ത്രി പോസ്റ്റിൽ വ്യക്തമാക്കുന്നു.

  You may also like:പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS]സിനിമാഷൂട്ടിംഗിനിടെ സഹപ്രവർത്തകയോട് മോശം പെരുമാറ്റം; ബലാത്സംഗക്കേസിൽ നടൻ വിജയ് റാസ് അറസ്റ്റിൽ [NEWS] 'രണ്ടു സഭകളിലുമായി 100 അംഗങ്ങൾ പോലുമില്ല; വെറുതെയല്ല താഴേക്കു പോയത്' കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി‍ [NEWS]

  ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

  'കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിന് ആരും എതിരല്ല. എന്നാൽ ഒരു നാടിന്റെ വികസന പദ്ധതികളെയാകെ അങ്ങനെ അട്ടിമറിച്ചു കളയാമെന്ന വ്യാമോഹവുമൊന്നും നടക്കാൻ പോകുന്നില്ല. കെ ഫോൺ, ഇ മൊബിലിറ്റി, ടോറസ്‌ ഡൗൺ ടൗൺ തുടങ്ങി ഒരു പദ്ധതിയും ഈ സമ്മർദ്ദത്തിന്റെ ഭാഗമായി മുടങ്ങുകയില്ല എന്ന് നാടിനുറപ്പു നൽകുകയാണ്.

  എന്താണ് കെ ഫോണിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും അതിന്റെ വസ്തുതകളും? ആരോപണങ്ങളെ മൂന്നായി തിരിക്കാം. ഒന്ന്, കെ ഫോൺ വേണോ, രണ്ട്, പിഡബ്ല്യൂസിക്ക് കൺസൾട്ടൻസി കരാർ കൊടുത്തത്. മൂന്ന്, ടെൻഡർ തുക.

  കെ ഫോൺ ആവശ്യമുണ്ടോ എന്ന ചോദ്യം ആദ്യമെടുക്കാം. പ്രതിപക്ഷ നേതാവ് തന്നെ നിയമസഭയിൽ ഇക്കാര്യം ഉയർത്തി. ഇന്റർനെറ്റ് സേവനം നൽകാൻ ഇപ്പോൾത്തന്നെ ആവശ്യത്തിന് ആളുണ്ടല്ലോ, പിന്നെന്തിന് കെ ഫോൺ എന്നാണ് ചോദ്യം.

  30,000ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ കേരള സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ സൗകര്യത്തിലൂടെ ലഭ്യമാക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും ഈ സ്പീഡിൽ നെറ്റ് കിട്ടും. അത് ഈ സർക്കാരിന്റെ നയമാണ്.

  അങ്ങനെയൊന്നും കൊടുക്കേണ്ടതില്ല എന്ന നയമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് മേൽപ്പറഞ്ഞ രീതിയിൽ സംശയിക്കുന്നത്. ഇങ്ങനെ ഇന്റർനെറ്റ് കൊടുക്കുന്നതാണോ ശരി, അതു വിലക്കുന്നതാണോ ശരി? ഏതു നയമാണ് നടപ്പാകേണ്ടത് എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.

  രണ്ടാമത്തെ പ്രശ്നം പിഡബ്ല്യൂസിക്ക് കരാർ കൊടുത്തതാണ്. ഇന്ത്യ മുഴുവൻ ഹൈസ്പീഡ് ഇന്റർനെറ്റ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്ന പദ്ധതി ആവിഷ്കരിച്ചത് യുപിഎ സർക്കാരാണ്. കേന്ദ്രസർക്കാർ തന്നെ പിന്നീട് ഈ പദ്ധതിക്ക് ഭാരത് നെറ്റ് എന്നു പേരു മാറ്റി. ഇത് പഞ്ചായത്തുകളിൽ വരെ മാത്രം ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയായിരുന്നു. അതിനെ ഇന്നു കാണുന്ന രൂപത്തിലേക്ക് പൊളിച്ചു പണിതത് എൽഡിഎഫ് സർക്കാരാണ്.

  പദ്ധതിയുടെ കൺസൾട്ടന്റിനെ കണ്ടെത്താൻ ടെൻഡർ വിളിച്ചത് കഴിഞ്ഞ യു ഡി എഫ് സർക്കാരാണ്. അനാലിസിസ് മാസൺ, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നീ നാലു കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യു.സിയെ തെരഞ്ഞെടുക്കുകയും 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.

  എൽ ഡി എഫ് സർക്കാർ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓർക്കുക. യു ഡി എഫ് സർക്കാർ നടത്തിയ ടെൻഡർ നടപടികളുടെ അനിവാര്യമായ പൂർത്തീകരണമാണ് നടന്നത്. ഇതിലൊന്നും ഒരഴിമതിയുമില്ല. ലോകത്ത് അംഗീകരിക്കപ്പെടുന്ന കമ്പനി തന്നെയാണ് പി ഡബ്ല്യൂ സി. അവരെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. അങ്ങനെയൊരു ആരോപണമൊന്നുമില്ലല്ലോ. ഇത്തരം കമ്പനികൾ തയ്യാറാക്കുന്ന പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. എല്ലായിടത്തും അതുതന്നെയാണ് രീതി. അതിലൊക്കെ അനാവശ്യവിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം വേറെയാണ്.

  അടുത്തത് ടെൻഡർ അധികത്തുകയുടെ പ്രശ്നം. കൺസൾട്ടന്റ് തയ്യാറാക്കിയ ഡിപിആർ പ്രകാരം 1028 കോടി രൂപയാണ് പ്രോജക്ടിന്റെ അടങ്കൽ. 2017 മെയ് മാസം ഭരണാനുമതി നൽകി. എന്നാൽ ടെൻഡർ ക്ഷണിച്ചപ്പോൾ ഏഴു വർഷത്തേക്കുള്ള നടത്തിപ്പു ചെലവും പരിപാലനച്ചെലവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

  അങ്ങനെയാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെലവ് 1638 കോടിയായി വർദ്ധിച്ചത്. ടെൻഡറിൽ മൂന്നു കമ്പനികൾ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വോട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎൽ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എല്‍)ന് പദ്ധതി ലഭിച്ചു.

  ഇതിലെവിടെയാണ് അഴിമതി? ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണ് 1532 കോടി രൂപ. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിന് കുറഞ്ഞ ക്വാട്ടിന്റെ അടിസ്ഥാനത്തിൽ ടെൻഡർ  ഉറപ്പിച്ചതിലെവിടെയാണ് അഴിമതി? എന്ത് അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്? കെ ഫോൺ വന്നാൽ കടമ്പകളില്ലാതെ ഇന്‍റര്‍നെറ്റ് സേവനം സാധാരണക്കാരനും ലഭ്യമാകും. നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന വലിയൊരു കുതിച്ചു ചാട്ടമാണ് ഹൈസ്പീഡ് ഇന്‍റ‍ര്‍നെറ്റ് കണക്ഷന്‍ ഓരോ വീട്ടിലുമെത്തുന്നതോടെ സാധ്യമാകുന്നത്. എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഹൈ സ്പീഡ് കണക്ഷന്‍ ലഭിക്കും. നമുക്കു ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരും.

  സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വ‍ര്‍ദ്ധിക്കും. വിനോദ വിജ്ഞാന സേവനങ്ങള്‍ നാടിന്‍റെ മുക്കിലും മൂലയിലും എത്തുന്നതോടെ ജീവിത ഗുണനിലവാരം ഉയരും. ഇരുപതു ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യമായി ഈ കണക്ഷൻ ലഭിക്കാൻ പോകുന്നത്. അതോടെ നാട്ടിലെ പാവപ്പെട്ടവന്റെ ജീവിത നിലവാരത്തിൽ വലിയ മാറ്റമുണ്ടാകും.
  സർക്കാർ മുൻകൈയിൽ സ്ഥാപിക്കപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ സൗകര്യം എല്ലാ സേവനദാതാക്കൾക്കും മത്സരാധിഷ്ഠിതമായി പ്രയോജനപ്പെടുത്താം. കെ ഫോൺ ഇന്റർനെറ്റ് സേവനദാതാവല്ല. മറിച്ച് സംസ്ഥാനമൊട്ടാകെ സ്ഥാപിതമാകുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണത്. ഈ ശൃംഖല സേവനദാതാക്കൾക്കെല്ലാം ഉപയോഗിക്കാം. ഇന്ന് നഗരങ്ങളിൽ മാത്രമാണ് സ്വകാര്യകമ്പനികളുടെ ശൃംഖലയുള്ളത്. കെ ഫോൺ വരുന്നതോടെ ഇത് എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഒറ്റ നെറ്റ് വർക്കിലൂടെ എല്ലാ കമ്പനികളുടെയും സേവനം ഉപഭോക്താവിനും ലഭ്യമാകും. ജനങ്ങൾക്കും കമ്പനികൾക്കുമെല്ലാം പ്രയോജനം ലഭിക്കുമെന്നർത്ഥം.  സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ ഈ പദ്ധതിയെ അട്ടിമറിച്ച് ജനങ്ങളെയും നാടിനെയുമാകെ ശിക്ഷിച്ചു കളയാമെന്ന ബിജെപിയുടെ മനക്കോട്ടയ്ക്ക് പെയിന്റടിക്കാൻ പ്രമുഖ മാധ്യമങ്ങളും കൊട്ടേഷനെടുത്തിട്ടുണ്ട്. പദ്ധതികളുടെ വിജയത്തിന് അഹോരാത്രം യത്നിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിക്കളയുക എന്ന ലക്ഷ്യത്തോടെ വാർത്തകൾ പ്ലാന്റു ചെയ്യപ്പെടുന്നു. സത്യമോ വസ്തുതയോ അല്ല അവർക്കു വേണ്ടത്. പദ്ധതി നിർഹണമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ സിരകളിൽ ഭീതിയും ആശങ്കയും പടരണം. അതോടെ എല്ലാം താളം തെറ്റുമല്ലോ. പദ്ധതി മുടങ്ങുമല്ലോ. എങ്ങനെയും ആ ലക്ഷ്യം നടക്കണമെന്ന അപകടകരമായ വാശിയിലാണ് മാധ്യമങ്ങളിൽ കൽപിത കഥകൾ നിറയുന്നത്. നാടിന്റെ വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടതില്ല എന്നു മാത്രം ഇപ്പോൾ പറയുന്നു.'
  Published by:Joys Joy
  First published: