താനൂർ: മുഖ്യമന്ത്രി പിണറായി വിജയന് താനൂരിൽ വരാൻ മുസ്‌ലിംലീഗുകാരുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ലീഗിന് സ്വാധീനമുളള താനൂരിൽ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് കെഎം ഷാജിയുടെ പരാമർശത്തിനായിരുന്നു അബ്ദുറഹ്മാന്റെ മറുപടി. താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിച്ച് ശനിയാഴ്‌ച എൽഡിഎഫ് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read- ‘കെഎം ഷാജിയുടെ വീട്ടിൽ കയറിയാല്‍ കയ്യും കാലും ഉണ്ടാകില്ല’; മന്ത്രി വി അബ്ദുറഹ്‌മാനോട് പികെ ബഷീർ
മാറാട് കലാപ ശേഷം സ്ഥലം സന്ദർശിക്കാൻ ധൈര്യം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയന് താനൂരിൽ വരാൻ മുസ്‌ലിംലീഗുകാരുടെ അനുമതി ആവശ്യമില്ല. വേണമെങ്കിൽ ലീഗുകാരുടെ വീട്ടിൽപ്പോലും കടന്നുകയറും. മാറാട് കലാപം നടന്നതിനു ശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിക്കൊപ്പം അവിടേക്ക് പുറപ്പെട്ട പികെ കുഞ്ഞാലിക്കുട്ടിക്ക് സംഘപരിവാറിന്റെ എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടി വന്നു. മുസ്‌ലിമായ കുഞ്ഞാലിക്കുട്ടിയെ പ്രദേശത്തേക്കു കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവർ പറഞ്ഞത്.
Also Read- ‘ദുരന്തകാലത്ത് കേന്ദ്രം കേരളത്തെ സഹായിച്ചില്ല; ലഭിച്ച സഹായങ്ങൾ തടസപ്പെടുത്തി’; മുഖ്യമന്ത്രി
എന്നാൽ, രണ്ടുദിവസത്തിനുശേഷം അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എളമരം കരീം ഉൾപ്പെടെയുള്ള രണ്ട് മുസ്‌ലിം എംപിമാർക്കൊപ്പം മാറാട് എത്തി. തടയാനെത്തിയ സംഘ്പരിവാറുകരോട് വഴിയിൽനിന്നു മാറിനിന്നില്ലെങ്കിൽ നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു പിണറായി പറഞ്ഞത്.
മാറാട് കലാപത്തിൽപ്പോലും ധൈര്യമായി കടന്നുവന്ന മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയോ നിന്റെ കാരണവൻമാരുടെയോ അച്ചാരം ആവശ്യമില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
താനൂർ ബോട്ടപകടത്തിന്റെ ഉത്തരവാദി മന്ത്രിയാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ചോദിച്ചു വാങ്ങണമെന്നും ഷാജി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.