ഏറനാട് ചാലിയാര്‍ കണ്ണംകുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജിലെ വീടുകളുടെ താക്കോല്‍ദാനം സ്വാതന്ത്ര്യ ദിനത്തില്‍ മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിക്കും. നിലമ്പൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ വൈകീട്ട് മൂന്നിന് ആണ് ചടങ്ങ്. പദ്ധതി തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രളയ ബാധിതര്‍ ഷീറ്റുകള്‍ക്ക് താഴെ കഴിയുന്നതും വീട് നിര്‍മാണത്തിലെ പ്രശ്നങ്ങളും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു
2018 ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല, ചെട്ടിയമ്പാറ പട്ടിക വര്‍ഗ്ഗ കോളനി നിവാസികളുടെ പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഒന്‍പത് വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചത്. ഇത് കൈമാറാത്തതും വീടുകളുടെ നിര്‍മാണ രീതിയില്‍ ഗുണഭോക്താക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും ന്യൂസ് 18 വാര്‍ത്ത പരമ്പര ആയി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കെ ഗോപാലകൃഷ്ണന് പ്രശ്ന പരിഹാരത്തിന് നടപടികള്‍ സ്വീകരിച്ചു. 32 വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഉള്ള ബാക്കി വീടുകള്‍ ആദിവാസികളുടെ താത്പര്യം അനുസരിച്ച് നിര്‍മിക്കാനും തീരുമാനിച്ചു. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 9 വീടുകളുടെ താക്കോല്‍ ആണ് ആദ്യ ഘട്ടത്തില്‍ കൈമാറുന്നത്.
ഈ വീടുകളില്‍ ആളുകള്‍ താമസിച്ചു തുടങ്ങിയാല്‍ മറ്റുള്ളവരുടെ ആശങ്കകളും എതിര്‍പ്പും എല്ലാം മാറും എന്ന് ആണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഭവന നിര്‍മാണത്തിന് ആവശ്യമായി വന്ന അധിക തുക സംഭാവന നല്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും. 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വീടിന് 7,04,500 രൂപ വീതം ചെലവഴിച്ചാണ് ആദ്യഘട്ടത്തില്‍ ഒന്‍പത് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓരോ വീടുകളുടേയും നിര്‍മാണത്തിന് ആദിവാസി പുനരധിവാസ വികസന മിഷന് അനുവദിച്ച ആറ് ലക്ഷത്തിന് പുറമേ 49,500 രൂപ വ്യക്തികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് മുഖേനയും ലഭിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്.
2018 ലെ രൂക്ഷമായ പ്രളയത്തെ തുടര്‍ന്നാണ് മതില്‍മൂല പട്ടികവര്‍ഗ കോളനി ഭൂമിയും 26 വീടുകളും പൂര്‍ണമായും ഉപയോഗശൂന്യമായത്. ചെട്ടിയമ്പാറ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര് മരണപ്പെട്ടതിനൊപ്പം ഭൂമിയും വീടുകളും നാശോന്മുഖമായി. കോളനി നിവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരന്തത്തിന് ഇരയായ മതില്‍മൂല, ചെട്ടിയമ്പാറ കോളനികളിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 34 കുടുംബങ്ങള്‍ക്ക് വേണ്ടി 10 ഹെക്ടര്‍ ഭൂമി അകമ്പാടം വില്ലേജിലെ കണ്ണംകുണ്ട് പ്രദേശത്ത് വനം വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമിയുടെ പട്ടയ വിതരണം 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
പട്ടികവര്‍ഗ കുടുംബങ്ങളുടെ സാംസ്കാരിക തനിമ, ആചാര രീതികള്‍, പൈതൃകം എന്നിവയ്ക്ക് പ്രാമുഖ്യം നല്കി തൊഴില്‍ നൈപുണ്യം, സാമൂഹിക ഉന്നമനം, ഭാവി വികസനം എന്നിവ ഉറപ്പാക്കിയുള്ള സമഗ്ര വികസന പദ്ധതിയാണ് കണ്ണംകുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജ് എന്ന പേരില്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഗുണഭോക്താക്കളായ പട്ടികവര്‍ഗ കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത്, അവരുടെ താല്പര്യങ്ങള്ക്ക് അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.