നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാടുംപുഴയും താണ്ടി കോവിഡ് പരിശോധന; അട്ടപ്പാടിയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

  കാടുംപുഴയും താണ്ടി കോവിഡ് പരിശോധന; അട്ടപ്പാടിയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

  അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന മുരുഗള ആദിവാസി ഊരിലേക്കാണ് ആരോഗ്യ പ്രവർത്തകരുടെ സാഹസിക യാത്ര. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഊരിലേക്ക് കോവിഡ് പരിശോധനയ്ക്കായി പോവുന്ന ആരോഗ്യ പ്രവർത്തകരുടെ യാത്ര നേരത്തെ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന മുരുഗള ആദിവാസി ഊരിലേക്കാണ് ആരോഗ്യ പ്രവർത്തകരുടെ സാഹസിക യാത്ര. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു.

   വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്...

   അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചു. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടര്‍ സുകന്യ പറഞ്ഞു. ഡോക്ടര്‍ സുകന്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹാഭിവാദ്യം.

   സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ്.   മെയ് 21നാണ് ഡോക്ടർ സുകന്യയും സംഘവും മുരുഗള ഊരിൽ സന്ദർശനം നടത്തിയത്. ഊരിന് രണ്ടു കിലോമീറ്റർ അകലെ വരെ മാത്രമേ വാഹനം എത്തു. പിന്നീട് ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ മുറിച്ചു കടന്ന് വനത്തിലൂടെ നടക്കണം. പുഴയിൽ ഒഴുക്കിന് ശക്തിയുള്ളതിനാൽ അപകട സാധ്യതയേറെയാണ്. വന്യമൃഗങ്ങളും ഏറെയുള്ള സ്ഥലമാണ്. സുരക്ഷിതരായി ഊരിലെത്തിയ ആരോഗ്യ പ്രവർത്തകർ മുപ്പത് പേരിൽ ആന്റിജൻ പരിശോധന നടത്തി. പോസിറ്റീവായ ഏഴു പേരെ പുതൂർ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് സുരക്ഷിതരായി ഇരിക്കണമെന്നും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം നൽകിയുമാണ് ആരോഗ്യ പ്രവർത്തകർ മടങ്ങിയത്.

   രണ്ടാഴ്ച മുൻപാണ് അട്ടപ്പാടിയിലെ ഏറ്റവും ഉൾവനത്തിലുള്ള ഊരിൽ നിന്നും കോവിഡ് രോഗിയെ മുളയിൽ തുണികെട്ടി അതിലിരുത്തിയാണ് ചുമന്ന് കൊണ്ടു വന്നത്. മേലേ തുടുക്കി ഊരിലെ മല്ലികയെയാണ് ഇത്തരത്തിൽ വനത്തിലൂടെ ചുമന്ന് കൊണ്ടുവന്ന് വാഹനത്തിൽ കയറ്റിയത്. മെയ് 8 നായിരുന്നു സംഭവം. കോട്ടത്തറ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മല്ലികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവർ ആരോഗ്യ പ്രവർത്തകരെ അറിയിയ്ക്കാതെ ആശുപത്രിയിൽ നിന്നും ഊരിലേക്ക് പോയി. തുടർന്നാണ് ആരോഗ്യ പ്രവർത്തകർ മേലേ തുടുക്കി ഊരിലെത്തിയത്.

   Also Read- മലപ്പുറത്ത് നാളെ കർശന നിയന്ത്രണം; അടിയന്തര മെഡിക്കൽ സേവനങ്ങൾ മാത്രം

   വാഹന സൗകര്യം ഇല്ലാത്ത ഈ ഊരിലേക്ക് എത്തിപ്പെടുകയെന്നത് ഏറെ കഠിനമാണ്. കടുകുമണ്ണ ഊരിന് താഴെ വരെ മാത്രമേ വാഹനം എത്തു. പിന്നീട് മൂന്ന് കിലോമീറ്ററോളം നടന്ന് വേണം മേലേ തുടുക്കി ഊരിലെത്താൻ. ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാവാതെ പോന്ന മല്ലികയെ ആരോഗ്യ പ്രവർത്തകർ കണ്ടെങ്കിലും അവർ ക്ഷീണിതയായിരുന്നു. തുടർന്ന് ഊരുകാരുടെ സഹായത്തോടെ മുളയിൽ തുണികെട്ടി മഞ്ചലുണ്ടാക്കിയാണ് വാഹനം നിൽക്കുന്ന സ്ഥലത്തെത്തിച്ചത്.

   മൂന്ന് കിലോമീറ്ററോളം ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന വഴിയിലൂടെ ചെങ്കുത്തായ ചരിഞ്ഞ സ്ഥലങ്ങളിലൂടെയാണ് ഊരുകാർ മല്ലികയെ ചുമന്ന് വാഹനത്തിൽ കയറ്റിയത്. മല്ലിക കോവിഡ് നെഗറ്റീവായി ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വനത്തിലൂടെ സാഹസിക യാത്ര നടത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ കൈയടി നേടുകയാണ്.
   Published by:Rajesh V
   First published:
   )}