Veena George | അവിഷിത്തിനെ നീക്കാന്‍ പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത് ഇന്നലെയല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
Veena George | അവിഷിത്തിനെ നീക്കാന്‍ പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത് ഇന്നലെയല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
അക്രമ സംഭവത്തിൽ അവിഷിത്ത് ഉൾപെട്ടിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Last Updated :
Share this:
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ നീക്കിയത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ് . തന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഭിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകിയത് ഇന്നലെയല്ലെന്ന് വീണാ ജോർജ് പറഞ്ഞു.
ജൂൺ 15 മുതൽ അവിഷിത്ത് ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നായിരുന്നു നടപടി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവിഷിത്ത് ഓഫീസിൽ എത്താതിരുന്നതെന്നും മന്ത്രി പറഞ്ഞു. അക്രമ സംഭവത്തിൽ അവിഷിത്ത് ഉൾപെട്ടിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്തിനെ ഈ മാസം ആദ്യം തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിഷിത്തിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്ന ഉത്തരവിറങ്ങിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് അറ്റന്‍ഡന്റ് ആയി സേവനമനുഷ്ഠിച്ചിരുന്ന അവിഷിത്ത് കെ,ആറിനെ 15.06.2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. അവിഷിത്തിന് വകുപ്പില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് അവിഷിത്ത് രംഗത്തെത്തിയിരുന്നു.ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ, കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിനു വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ കൂടെ വിഷയമാണ്– അവിഷിത്ത് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ളയാളാണ് അവിഷിത്ത്. ഇയാളെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആര്. അവിഷിത്ത്. ആരോഗ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.