‘കുടുംബപ്പേര് മാര്‍ക്കറ്റ് ചെയ്തു’; സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു
‘കുടുംബപ്പേര് മാര്‍ക്കറ്റ് ചെയ്തു’; സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വമെടുത്തതെന്ന് സയ്യിദ് താഹ ബാഫഖി തങ്ങൾ
സയ്യിദ് താഹ ബാഫഖി തങ്ങൾ
Last Updated :
Share this:
കോഴിക്കോട്: ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗം താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന് ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടാണ് രാജി.
തന്റെ പേരും കുടുംബപ്പേരും വച്ച് ബിജെപി മാര്‍ക്കറ്റിങ് തന്ത്രം നടത്തുകയാണെന്ന് കുറ്റപ്പെടുത്തിയാണ് രാജി. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അയച്ച രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വമെടുത്തതെന്നും ബിജെപിയില്‍ നിന്ന് തൗബ ചെയ്ത് (ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പ് അപേക്ഷിച്ച്) മടങ്ങുകയാണെന്നും രാജിക്കാര്യം പരാമര്‍ശിച്ച് തങ്ങള്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച് പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകർഷിക്കാനുമാണ് അവര്‍ ശ്രമിച്ചത്.
ബിജെപിയിലുള്ള 90 ശതമാനം മുസ്ലിംങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനത്തിലാണ്. അടുത്ത് തന്നെ അലി അക്ബര്‍ പ്രാഥമിക അംഗത്വമുള്‍പ്പടെ ഉപേക്ഷിച്ച് പാര്‍ട്ടി വിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹം നടന്നതിനേക്കാള്‍ സന്തോഷമാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചുള്ള ഇമെയില്‍ അയച്ചപ്പോള്‍ ലഭിച്ചതെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ബിജെപിക്ക് ഒപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടി വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജനതയും ബിജെപിയെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. അതിന്റെ മികച്ച ഉദാഹരണമാണ് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്കിടയില്‍ ബിജെപിയെന്നാല്‍ മതതീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടിയാണ്. ബിജെപിയിലുള്ളവരെ പുച്ഛത്തോടെയാണ് എല്ലാവരും നോക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഈ അവസ്ഥയുണ്ടാകില്ല.
അതേസമയം, ബിജെപി വിട്ട സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തുന്നില്ലെന്നും ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി ബി ജെ പി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര സംവിധായകനുമായ അലി അക്ബര്‍ അറിയിച്ചു. മുസ്ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായി അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ചുമതലകളില്‍ നിന്ന് മാറിയാലും ബിജെപി പ്രവർത്തകനായി തുടരുമെന്ന് അലി അക്ബർ പറഞ്ഞു.
പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ബിജെപിയില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേൃത്വത്തിനെതിരെ അലി അക്ബറുടെ തുറന്നു പറച്ചില്. പലതരത്തിലുളള വേട്ടയാടലുകൾ നേരിട്ട് ബിജെപിപിക്കൊപ്പം നില്ക്കുന്ന മുസ്ലിം സമുദായത്തിൽപ്പെട്ടവർ അവഗണിക്കപ്പെടുന്നു എന്നതാണ് അലി അക്ബറിന്റെ പ്രധാന വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ നസീര്‍ ബിജെപി വിടാന്‍ ഇടിയായ സാഹചര്യവും പദവികള്‍ ഒഴിയാന്‍ കാരണമായതായി അലി അക്ബര്‍ പറഞ്ഞു.
പൗരത്വ വിഷയത്തിലുള്‍പ്പെടെ പാർട്ടിക്കൊപ്പം ഉറച്ച് നിന്ന പലരും ഇന്ന് അസംതൃപ്തരാണെന്നും അലി അക്ബറിന്റെ പോസ്റ്റിലുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിക്കാപ്പം നിന്നവരാണ് ഇന്ന് വേട്ടയാടപ്പെടുന്നത്. ഒരുവന് നൊന്താല്‍ അത് പറയുകയെന്നത് സാമാന്യ യുക്തിയാണ്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയതിനാലാണ് ഈ നിലപാട് പറയുന്നതെന്നും ഫേസ്ബുക്കില്‍ വ്യക്തമാക്കിയയ അലി അക്ബര്‍ പക്ഷേ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കില്ലെന്നും വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.