പയ്യന്നൂർ ഫണ്ട് വിവാദത്തിലെ സിപിഎം നടപടിയിൽ പ്രതിഷേധിച്ച് പൊതു പ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പാർട്ടിയുടെ ശ്രമം പാളി. കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനപ്രകാരം പി ജയരാജൻ നടത്തിയ കൂടികാഴ്ച ഫലം കണ്ടില്ല. തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ആദ്യഘട്ട നവീകരണ ചടങ്ങുകൾ പൂർത്തിയാക്കിയ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് പി ജയരാജൻ വി കുഞ്ഞികൃഷ്ണനുമായി കൂടികാഴ്ച നടത്തിയത്. കൂടി കാഴ്ച്ച അധികസമയം നീണ്ടില്ല. തൻറെ തീരുമാനത്തിൽ മാറ്റമില്ലെന്ന് പി ജയരാജനെ അറിയിച്ചു പെട്ടെന്നുതന്നെ പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ജൂബിലി ഹാളിന് പുറത്തിറങ്ങി.
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിക്കെതിരെ നടപടി എടുത്തത് പ്രദേശത്തെ പ്രവർത്തകർക്ക് ഇടയിൽ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാമന്തളി . വെള്ളൂർ, കരിവെള്ളൂർ, കണ്ടോത്ത്, തുടങ്ങിയ പ്രദേശങ്ങളിൽ എതിര്‍പ്പ് മറ നീക്കി പുറത്തു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ പാർട്ടി പി ജയരാജനെ ചുമതലപ്പെടുത്തിയത്. എന്നാൽ ആരോപണവിധേയനായ ടി ഐ മധുസൂദനന് എതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ കുഞ്ഞികൃഷ്ണൻ ഉറച്ച് നിന്നു.
Also Read- CPM ശക്തികേന്ദ്രമായ പയ്യന്നൂരിൽ 2 വര്‍ഷത്തിനുള്ളില്‍ 3 ഏരിയാ സെക്രട്ടറിമാർ
പാർട്ടി നടപടി തിരുത്തിയാൽ മാത്രമെ പൊതുപ്രവർത്തനം ഉപേക്ഷിച്ചു എന്ന തന്റെ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
പയ്യന്നൂര്‍ ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് കുഞ്ഞികൃഷ്ണനെ ചുമതലയിൽനിന്ന് മാറ്റിയതെന്നാണ് സിപി എമ്മിന്റെ ന്യായീകരണം. മാനസിക ഐക്യം വീണ്ടെടുക്കുന്നതിനാണ് ഉയർന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയിലെ അംഗമായ ടി വി രാജേഷിന് ചുമതല നൽകിയത്. ഈ തീരുമാനം ഏരിയ കമ്മിറ്റി അംഗീകരിച്ചതായും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തീരുമാനം പിന്നീട് ലോക്കൽ കമ്മിറ്റികളിലും വിശദീകരിച്ചു.
Also Read- ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല; പയ്യന്നൂർ ഏരിയയിലെ കൂട്ട നടപടിയിൽ വിശദീകരണവുമായി സിപിഎം
തെരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല എന്നാണ് പാർട്ടി നേതൃത്വം തറപ്പിച്ച് പറയുന്നത്. കൃത്യസമയത്ത് ഓഡിറ്റിംഗ് നടത്തുന്നതിൽ ഉണ്ടായ വീഴ്ച മാത്രമായാണ് പാർട്ടി സംഭവത്തെ വിശദീകരിക്കുന്നത്. എന്നാൽ ഓഡിറ്റിങ്ങിൽ പ്രാവീണ്യമുള്ള ഉള്ള സഹകാരി കൂടിയാണ് വി. കുഞ്ഞികൃഷ്ണൻ. പാർട്ടി തന്നെ പലപ്പോഴും അദ്ദേഹത്തിൻറെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർട്ടിയുടെ വിശദീകരണം വി കുഞ്ഞികൃഷ്ണന് തൃപ്തികരമായിട്ടില്ല. പ്രദേശത്ത് താഴെത്തട്ടിലുള്ള അണികളും സിപിഎമ്മിന്‍റെ കണ്ടെത്തൽ പൂർണമായി വിശ്വസിക്കുന്നില്ല.
മുൻ ഏരിയ സെക്രട്ടറി നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ പയ്യന്നൂർ ഫണ്ട് വിവാദം വരുംദിവസങ്ങളിലും സിപിഎമ്മിന് തലവേദനയാകും എന്ന് വ്യക്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.