നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എല്ലാം എന്‍റെ ഉത്തരവാദിത്വം' മേപ്പാടി ദുരിതാശ്വാസ ക്യാംപിന്‍റെ ഊർജമായി മിസ്രിയ

  'എല്ലാം എന്‍റെ ഉത്തരവാദിത്വം' മേപ്പാടി ദുരിതാശ്വാസ ക്യാംപിന്‍റെ ഊർജമായി മിസ്രിയ

  ബന്ധുക്കളും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട നാട്ടുകാരെ കളിചിരികളിലൂടെ ചേര്‍ത്തുപിടിക്കുകയായിരുന്നു പത്താം ക്ലാസുകാരിയായ മിസ്‌രിയ...

  misriya meppadi

  misriya meppadi

  • Share this:
   പുത്തുമലയില്‍ നിന്നുള്ളവര്‍ കഴിയുന്ന മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പിലാണ് മിസ്‌രിയ എന്ന എസ്.പി.സി കാഡറ്റിനെ കണ്ടത്. ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കണ്ടവളാണ്. മലവെള്ളപ്പാച്ചില്‍ പിതൃസഹോദരപുത്രന്റെ ഭാര്യയും സുഹൃത്തുമായ ഹാജിറയെ കൊണ്ടുപോയി. വീടും സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടമായി. എല്ലാം നഷ്ടപ്പെട്ടൊരാള്‍ക്ക് എങ്ങനെയാണ് ചിരിക്കാനാവുക എന്നാണ് ആദ്യം തോന്നിയത്. ചോദിച്ചപ്പോള്‍ അത് തന്‍റെ ഉത്തരവാദിത്തമാണെന്ന് മറുപടി. ബന്ധുക്കളും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട നാട്ടുകാരെ കളിചിരികളിലൂടെ ചേര്‍ത്തുപിടിക്കുകയായിരുന്നു പത്താം ക്ലാസുകാരിയായ മിസ്‌രിയ.

   സുലൈമാന്‍റെയും സലീനയുടെയും അഞ്ച് പെണ്‍മക്കളില്‍ ഇളയവളാണ് മിസ്‌രിയ. ഏഴാം തീയതി രാത്രി പച്ചക്കാട് ഭാഗത്തുണ്ടായ ചെറിയ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഉച്ചവരെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ തിരക്കിലായിരുന്നു സുലൈമാന്‍. പക്ഷേ മൂന്ന് മണിയോടെ കാര്യങ്ങള്‍ മാറി. പുത്തുമല പൊട്ടിയൊലിച്ചു. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയെന്ന് മിസ്‌രിയ. മലവെള്ളപ്പാച്ചില്‍ തന്‍റെ വീട്ടിലേക്കുമെത്തുന്നത് അവള്‍ കണ്ടു. ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം പാത്രമെടുക്കാന്‍ വീട്ടിലേക്ക് പോയ ഹാജിറയുടെ ദേഹത്തേക്ക് ഷീറ്റ് വീണു. പിന്നെ മണ്ണിനടിയിലേക്ക്. ഉറ്റ കൂട്ടുകാരിയുടെ അന്ത്യം കണ്‍മുന്നില്‍ കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മിസ്‌രിയയുടെ തൊണ്ടയിടറി. ബന്ധുവീടും സുരക്ഷിതമല്ലെന്ന് തോന്നിയപ്പോള്‍ ഒറ്റയോട്ടമായിരുന്നു. ആദ്യം കുറച്ച് ഉയരത്തിലുള്ള പാടിയിലേക്ക്. പിന്നെ അടുത്തുള്ള കശ്മീരിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക്. ഇടയ്ക്കുവച്ച് വഴി തെറ്റി കാട്ടില്‍ ഒറ്റപ്പെട്ടു. അവസാനം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടത് വിറങ്ങലിച്ചു നില്‍ക്കുന്ന നാട്ടുകാരെയും ബന്ധുക്കളെയും.   പിറ്റേന്ന് ഉച്ചയോടെ മേപ്പാടി ഹൈസ്കൂളിലെ കാമ്പിലെത്തി. അവിടെത്തന്നെയാണ് മിസ്രിയ പഠിക്കുന്നത്. അപകടത്തിന്‍റെ ആഘാതം മാറുംവരെ വോളണ്ടിയര്‍ ആവേണ്ടതില്ലെന്ന് അധ്യാപകര്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു. സ്വന്തം നാട്ടുകാരെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു മിസ്‌രിയയുടെ മറുപടി. എല്ലാം നഷ്ടമായവര്‍ക്കിടയില്‍ അവള്‍ ഓടിച്ചാടി നടന്നു. ഭക്ഷണപ്പന്തലില്‍ വിളമ്പുകാരിയായി, ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വീതിക്കാന്‍ സ്റ്റോറില്‍, മെഡിക്കല്‍ സംഘത്തിനൊപ്പം സഹായിയായി അങ്ങനെ ഏല്‍പിച്ച ജോലികള്‍ക്കുമപ്പുറം എല്ലായിടത്തും മിസ്രിയ ഉണ്ടായിരുന്നു. നിറഞ്ഞ ചിരിയുമായി കാമ്പില്‍ ഓടിനടന്ന മിസ്‌രിയയിരുന്നു മേപ്പാടി കാമ്പിന്‍റെ ഊര്‍ജം. നഷ്ടങ്ങളെ കുറിച്ചോർത്ത് ദുഃഖിച്ച സ്വന്തം നാട്ടുകാരോട് മിണ്ടിയും പറഞ്ഞും മിസ്‌രിയ അവരുടെ സങ്കടങ്ങൾ അലിയിച്ചു.

   ​പൊലീസ് ഉദ്യോഗസ്ഥയാവണം എന്നാണ് മിസ്‌രിയയുടെ ആഗ്രഹം. അതുകഴിഞ്ഞേ കല്യാണത്തെക്കുറിച്ച് ആലോചിക്കൂ എന്ന് ബാപ്പയില്‍ നിന്ന് വാക്കും വാങ്ങിയിട്ടുണ്ട്. വീടുപോയതോടെ മേപ്പാടിയിലെ വാടകവീട്ടിലാണ് താമസം. ഒരു കിടപ്പുമുറി മാത്രമുള്ള വീട്ടില്‍ രണ്ട് കുടുംബങ്ങള്‍ കഴിയുന്നു. പുതിയൊരു വീടുണ്ടാക്കാന്‍ സഹായിക്കാമെന്ന് എസ്.പി.സി കാഡറ്റുകളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ പറഞ്ഞിരുന്നു. പക്ഷേ വീടുണ്ടാക്കാനുള്ള സ്ഥലം കണ്ടെത്താന്‍ സുലൈമാന് കഴിഞ്ഞിട്ടില്ല. ആകെ ഉണ്ടായിരുന്ന വരുമാനമാര്‍ഗമായിരുന്ന ഗുഡ്സ് ഓട്ടോ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ഏത് നഷ്ടത്തിലും തളരാതെ മുന്നോട്ടുപോവാനുള്ള ഊര്‍ജം മിസ്‌രിയ തന്നെയെന്ന് പറയുന്നു സുലൈമാന്‍.

   നവംബർ 24ന് ന്യൂസ് 18 കേരളം കോഴിക്കോട് സംഘടിപ്പിക്കുന്ന കരളുറപ്പുള്ള മലബാർ എന്ന പരിപാടിയിൽ മിസ്രിയയും പങ്കെടുക്കുന്നതായിരിക്കും. മേപ്പാടിയിലും, ഭൂദാനത്തും നടന്ന ദുരന്തങ്ങളെ അതിജീവിച്ചവരെ ആദരിക്കാനുള്ള ഒരു വേദിയാണ് ന്യൂസ് 18 ഒരുക്കുന്നത്. പരിപാടിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, പി വി അൻവർ എം എൽ എ, സി കെ ശശീന്ദ്രൻ എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
   First published:
   )}