പാലക്കാട്: വിവാഹ ദിനത്തിൽ നിറചിരിയുമായി അച്ഛൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടിൽ കാത്തിരിക്കുകയാണ് മകൾ രേഖ. ശനിയാഴ്ച രേഖയുടെ വിവാഹ ദിനമാണ്. കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് ആനയിക്കേണ്ട അച്ഛൻ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. സൈലന്റ്വാലി വനമേഖലയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ മകളാണ് രേഖ.
രാജനെ കാണാതായിട്ട് 38 ദിവസമായി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. സൈലന്റ്വാലി ദേശീയ ഉദ്യാനത്തിൽ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസിൽ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് ഉറങ്ങാൻ പോയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു.
പൊലീസ്, ഫോറസ്റ്റ്, കമാൻഡോ സംഘങ്ങളടക്കം ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടിലധികമായി സൈലന്റ്വാലി കാടുകളെ അറിയുന്ന ആളാണ് രാജൻ. അതുകൊണ്ടു തന്നെ വഴിതെറ്റി സഞ്ചരിക്കേണ്ട സാഹചര്യവുമില്ല. മാത്രമല്ല, മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലുമായിരുന്നു രാജൻ.
മേയ് 3നു രാത്രി എട്ടരയോടെ സൈലന്റ്വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയ രാജനെ പിന്നീടു ആരും കണ്ടിട്ടില്ല. പൊലീസിന്റെ തണ്ടർബോൾട്ട്, വനം വകുപ്പിന്റെ ദ്രുതകർമസേന, വാച്ചർമാർ തുടങ്ങിയവർ തിരച്ചിൽ നടത്തിയിട്ടും ഒരു സൂചനയുമില്ല. ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്.
‘‘അച്ഛനു കടമില്ല. പൊന്നും പണവും ഒന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. നാടു വിടേണ്ട ആവശ്യമില്ല അച്ഛന്. ’’ – മകൾ പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.